കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് പെൺകുട്ടി മരിച്ചു; 4 പേർക്ക് പരിക്ക്

പാലാ കെഎസ്ആർടിസി ബസ്സും  ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 10 വയസ്സുകാരി മരിച്ചു. അപകടത്തിൽ ഓട്ടോയിൽ ഉണ്ടായിരുന്ന നാല് പേർക്ക് ഗുരുതരമായി പരിക്ക് പറ്റി. ഏറ്റുമാനൂർ- പൂഞ്ഞാർ സംസ്ഥാന പാതയിൽ ഇടപ്പാടി കുന്നേമുറി പാലത്തിന് സമീപം തിങ്കൾ (30/1/2023) രാത്രി 9.30നാണ് അപകടം. 

വള്ളിച്ചിറ നെല്ലിയാനി തെക്കേനെല്ലിയാനിയിൽ സുധീഷിന്റെ മകൾ വിഷ്ണുപ്രിയയാണ് (12) മരിച്ചത്. കുട്ടിയുടെ മൃതദേഹം ഭരണങ്ങാനം മേരിഗിരി ആശുപത്രിയിൽ. അപകടത്തിൽ പരിക്ക് പറ്റിയ സുധീഷ് (42), ഭാര്യ അമ്പിളി (39), മകൻ കൃഷ്ണദേവ് (അഞ്ച്), അമ്മ ഭാർഗവിയമ്മ (70) എന്നിവരെ ചേർപ്പുങ്കൽ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൃഷ്ണദേവിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കയ്യൂരിലുള്ള അമ്പിളിയുടെ വീട്ടിൽ പോയി ഒട്ടോയിൽ മടങ്ങും വഴിയാണ് അപകടം. പാലായിൽ നിന്ന് ഈരാറ്റുപേട്ട ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഈരാറ്റുപേട്ട ഡിപ്പോയിലെ ബസാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. സുധീഷാണ് ഓട്ടോ ഓടിച്ചിരുന്നത്.
അപകടത്തെത്തുടർന്ന് പാലാ - ഈരാറ്റുപേട്ട റോഡിൽ ഗതാഗത തടസ്സം നേരിട്ടു. പാലാ എസ്ഐ എം ആർ അഭിലാഷിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.