*പ്രഭാത വാർത്തകൾ* 2023 ജനുവരി 15ഞായർ

◾അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബില്‍ 23 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. മതപരമായ ആചാരങ്ങളെ ഒഴിവാക്കും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോല്‍സാഹിപ്പിക്കുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ക്ക് ഏഴു വര്‍ഷംവരെ തടവു ശിക്ഷയും അമ്പതിനായിരം വരെ രൂപ പിഴയുമാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. നിയമ, ആഭ്യന്തര വകുപ്പുകള്‍ ചേര്‍ന്നു തയാറാക്കിയ ബില്‍ മുഖ്യമന്ത്രിയുടെ പരിഗണനയക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.

◾ഭരണഘടനാ വ്യവസ്ഥകള്‍ മറികടന്നുകൊണ്ടാണ് സുപ്രീം കോടതി കൊളീജിയത്തിനു രൂപം നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു. ജഡ്ജിമാരുടെ നിയമനത്തില്‍ ജഡ്ജിമാര്‍ ഇടപെടരുതെന്നാണ് ഭരണഘടനാ വ്യവസ്ഥ. നിയമിക്കാന്‍ സര്‍ക്കാരിനാണ് അധികാരം. ആകാശവാണിയിലൂടെയാണ് ഇങ്ങനെ പ്രതികരിച്ചത്. ഉപരാഷ്ട്രപതിയും കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ വിമര്‍ശിച്ചിരുന്നു. ജുഡീഷ്യറിയെ ബിജെപി സര്‍ക്കാര്‍ വരുതിയിലാക്കുകയാണെന്ന് ആരോപണം നിലനില്‍ക്കേയാണ് ഈ പ്രതികരണങ്ങള്‍.

◾വെള്ളക്കരം ലിറ്ററിന് ഒരു പൈസ നിരക്കില്‍ വര്‍ധിപ്പിക്കുന്നതോടെ ശരാശരി ഒരു കുടുംബത്തിന് മാസം 250 രൂപ അധികമായി അടയ്ക്കേണ്ടി വരും. ഓരോ കുടുംബവും പ്രതിമാസം 15,000 മുതല്‍ 25,000 വരെ ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. യൂണിറ്റിന് പത്തു മുതല്‍ 12 വരെ രൂപയുടെ വിലവര്‍ധനയുണ്ടാകും. ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക് യൂണിറ്റിന് പതിനാറര രൂപയില്‍നിന്ന് 26 രൂപ 54 പൈസയായി നിരക്ക് വര്‍ധിക്കും. സംസ്ഥാനത്ത് 36 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളുണ്ട്.



◾കേന്ദ്ര ബജറ്റില്‍ മധ്യവര്‍ഗത്തിന്റെ അതൃപ്തി പരിഹരിക്കാനുള്ള പദ്ധതികള്‍ വേണമെന്ന് ആര്‍എസ്എസ്. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് ആര്‍എസ്എസ് നിര്‍ദ്ദേശങ്ങള്‍. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളില്‍ മധ്യവര്‍ഗത്തെ തൃപ്തിപ്പെടുത്തണമെന്നാണ് നിര്‍ദേശം.

◾പോലീസ് സ്റ്റേഷനില്‍ വനിതാ പോലീസുകാരിയോട് എസ്ഐയുടെ അതിക്രമം. അമിത ജോലിഭാരത്തിനെതിരേ പരാതിപ്പെട്ട വനിത പൊലീസുകാരിയോട് എസ്ഐ തട്ടിക്കയറി മുറിയില്‍നിന്ന് ഇറക്കിവിട്ടു. വിശ്രമമുറിയില്‍ കയറി വാതിലടച്ചു കരഞ്ഞ ഉദ്യോഗസ്ഥയെ എസ്ഐ ജിന്‍സണ്‍ ഡോമിനിക്കും സംഘവും വാതില്‍ ചവിട്ടിപ്പൊളിച്ച് പുറത്തിറക്കിയെന്നാണു പരാതി. എറണാകുളം പനങ്ങാട് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങളുണ്ടായത്.

◾ആറന്മുള പൊലീസ് സ്റ്റേഷനില്‍ താത്കാലിക ജീവനക്കാരിയെ കടന്നുപിടിച്ച പൊലീസുകാരന്‍ സജീഫ് ഖാനെ അറസ്റ്റു ചെയ്തു. സസ്പെന്‍ഷനിലായിരുന്ന ഇയാള്‍ ഒളിവിലായിരുന്നു.

◾ശ്രീലങ്കയ്ക്കെതിരായ അവസാന ഏകദിനത്തിനായി തിരുവനന്തപുരത്ത് എത്തിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു. മുണ്ടും മേല്‍മുണ്ടും അടക്കമുള്ള കേരളീയ വേഷം ധരിച്ച് താരങ്ങള്‍ ക്ഷേത്രത്തിനു മുന്നില്‍ നിരന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. 

◾ശബരിമല പൊന്നമ്പലമേട്ടില്‍ മകരവിളക്കു തെളിഞ്ഞു. പതിനായിരക്കണക്കിനു ഭക്തര്‍ ശരണം വിളികള്‍ മുഴക്കി മകരവിളക്കു ദര്‍ശനം നടത്തി. മണിക്കൂറുകള്‍ക്കു മുമ്പേ സന്നിധാനവും പരിസരവും തിങ്ങിനിറഞ്ഞിരുന്നു. ആറരക്ക് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്ക് ശേഷമായിരുന്നു പൊന്നമ്പല മേട്ടിലെ മകരജ്യോതി ദര്‍ശനം.

◾മുഖ്യമന്ത്രി കോട്ട് വിഷയത്തില്‍ രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരന്‍. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നവര്‍ക്കു പ്രത്യേക കുപ്പായം ഉണ്ടോ? തലേന്നു ധരിച്ച വസ്ത്രം മാറിയാണ് സാധാരണ സത്യപ്രതിജ്ഞ ചെയ്യാറുള്ളത്. ഇപ്പോള്‍ ജനാധിപത്യമല്ലേ. ശശി തരൂര്‍ കേരളത്തില്‍ സജീവമാകുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ച സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണയെ പുറത്താക്കി. അന്വഷണ കമീഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.

◾കേരള സര്‍വകലാശാല അധ്യാപകന്‍ ഡോ. അരുണ്‍ കുമാറിനെതിരേ കലോല്‍സവത്തിനിടെ ജാതി വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കേരള സര്‍വകലാശാലയോട് യുജിസി റിപ്പോര്‍ട്ടു തേടി. പഴയിടം മോഹനന്‍ നമ്പൂതിരിയെ കുറിച്ചുള്ള പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഡോ. അരുണ്‍ കുമാറിനെതിരെ യുജിസി അന്വേഷിക്കുന്നത്.

◾കൊല്ലം ജില്ല സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ ജില്ലയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ഒരു വര്‍ഷം കൊണ്ടാണ് ജില്ലയിലെ ഏഴു ലക്ഷം കുടുംബങ്ങളെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിച്ചത്. ജില്ലാ പഞ്ചായത്തും കിലയും ചേര്‍ന്നാണ് പത്തു വയസിനു മുകളിലുള്ള എല്ലാവരേയും ഭരണഘടയുടെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിച്ചത്.

◾സീറോ മലബാര്‍ സഭയുടെ മെല്‍ബണ്‍ രൂപതയുടെ പുതിയ ബിഷപ്പായി സിഎംഐ വൈദികനായ ഫാ. ജോണ്‍ പനന്തോട്ടത്തിലിനെ നിയമിച്ചു. തലശേരി രൂപതയിലെ പേരാവൂര്‍ ഇടവകാംഗമാണ്. മെല്‍ബണിലെ പ്രഥമ മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ 75 വയസായതോടെ നല്‍കിയ രാജി സ്വീകരിച്ചാണ് പുതിയ നിയമനം നടത്തിയത്.

◾എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതര്‍ മറൈന്‍ ഡ്രൈവിലേക്ക് ഇന്നു വൈകുന്നേരം അഞ്ചിനു വിശ്വാസ പ്രഖ്യാപന റാലി നടത്തും. അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തിനും ഫാ. ആന്റണി പൂതവേലിനും എതിരേ നടപടി ആവശ്യപ്പെട്ടാണ് വിമത സമരം.

◾പോലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയ വിരുതന്‍ പിടിയില്‍. ചാഴൂര്‍ സ്വദേശി നമ്പേരി വീട്ടില്‍ സമ്പത്ത് (40) ആണു പിടിയിലായത്.

◾കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി. ഓരോ സെമസ്റ്ററിലും രണ്ടു ശതമാനം അധിക അവധി ലഭിക്കും. 75 ശതമാനം ഹാജരിനു പകരം 73 ശതമാനം ഹാജരുണ്ടായാല്‍ മതി. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം വൈസ് ചാന്‍സലര്‍ക്ക് അപേക്ഷ നല്‍കിയാല്‍ ഇളവ് അനുവദിക്കും.

◾കൊല്ലം കുളത്തൂപ്പുഴയില്‍ നാടന്‍ തോക്കുമായി നായാട്ടിനെത്തിയ എത്തിയ രണ്ടു പേര്‍ പിടിയില്‍. ഭരതന്നൂര്‍ സ്വദേശികളായ യൂസഫ്, ഹസന്‍ അലി എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

◾കൊല്ലത്ത് പരിമണത്ത് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു രണ്ടു പേര്‍ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

◾തൃശൂര്‍ പുഴക്കലിലെ ഫ്ളാറ്റില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന അഭിഭാഷക മരിച്ച നിലയില്‍. അഡ്വ നമിത ശോഭനയാണ് മരിച്ചത്. 42 വയസായിരുന്നു. ചൊവ്വാഴ്ച മുതല്‍ നമിതയെ കാണാനില്ലായിരുന്നു. വിവാഹ മോചിതയാണ് നമിത.

◾ആലപ്പുഴയില്‍ റോഡ് മുറിച്ചുകടക്കവേ കെഎസ്ആര്‍ടിസി ബസിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. പനക്കല്‍ മസ്ജിദിന് സമീപം കോഴിപ്പറമ്പില്‍ സിയാദ് - സഫീല ദമ്പതികളുടെ മകള്‍ സഫ്ന സിയാദ് (15) ആണ് മരിച്ചത്.

◾വടക്കഞ്ചേരിയില്‍ സിമന്റ് തൊട്ടിയില്‍ വീണ് മൂന്നു വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കാഞ്ഞിരം കൊല്ലി തുരുത്തിക്കാട് ജോജോ - റിന്‍സി ദമ്പതികളുടെ മകന്‍ ഡിബിന്‍ മാര്‍ട്ടിനാണ് മരിച്ചത്.

◾മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിക്കു വധഭീഷണി. നാഗ്പൂരിലെ ഓഫീസിലേക്കു ഫോണിലൂടെ രണ്ടു തവണ അജ്ഞാതന്റെ ഭീഷണി സന്ദേശമെത്തി. ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമാണെന്നും പണം നല്‍കിയില്ലെങ്കില്‍ ഗഡ്കരിയെ വധിക്കുമെന്നുമായിരുന്നു ഭീഷണി.

◾തീവ്രവാദി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് പൂനെ റെയില്‍വേ കണ്‍ട്രോള്‍ റൂമിലേക്കു വ്യാജ ഫോണ്‍ സന്ദേശം. സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി. സന്ദേശം വ്യാജമായിരുന്നെന്ന് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

◾ബിജെപിക്കെതിരേ മൂന്നാം മുന്നണി സ്വപ്നവുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ബുധനാഴ്ച നടത്തുന്ന റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. ഖമ്മത്ത് നടത്തുന്ന റാലിയില്‍ നാലു മുഖ്യമന്ത്രിമാരും പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളും പങ്കെടുക്കും. കോണ്‍ഗ്രസിനു ക്ഷണമില്ല.

◾സിബിഐ വീണ്ടും തന്റെ ഓഫീസിലെത്തി റെയ്ഡ് നടത്തിയെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. എന്നാല്‍, ആരോപണം അന്വേഷണ ഏജന്‍സി നിഷേധിച്ചു.

◾തമിഴ്‌നാട്ടില്‍ ആണ്‍സുഹൃത്തിനെ കത്തിമുനയില്‍ നിര്‍ത്തി കോളജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. കാഞ്ചീപുരം ജില്ലയിലെ വിജനമായ സ്ഥലത്തായിരുന്നു സംഭവം. മദ്യപിച്ചെത്തിയ രണ്ടുപേരാണ് ആദ്യം യുവതിയെ ആക്രമിച്ചത്. അഞ്ചു പേരെ അറസ്റ്റു ചെയ്തു.

◾ഹാരി രാജകുമാരന്റെ പുസ്തകം 'സ്പെയറി'ലെ വിശേഷങ്ങള്‍ വായിച്ച് ലോകം അമ്പരന്നിരിക്കേ, രണ്ടാമതൊരു പുസ്തകം പുറത്തിറക്കാവുന്നത്രയും വിസ്മയകരമായ വിശേഷങ്ങള്‍ ഇനിയും ഉണ്ടെന്ന് ഹാരി രാജകുമാരന്‍. ഇനിയും കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ അച്ഛന്‍ ചാള്‍സ് രാജാവും കിരീടാവകാശി വില്യം രാജകുമാരനും ഒരിക്കലും പൊറുക്കില്ലെന്നും ഹാരി രാജകുമാരന്‍ പ്രതികരിച്ചു.

◾ചൈനയില്‍ കോവിഡ് ബാധിച്ച് 35 ദിവസത്തിനിടെ 60,000 പേര്‍ മരിച്ചു. ചൈന തന്നെയാണു കണക്കുകള്‍ പുറത്തുവിട്ടത്.

◾ഐഎസ്എല്ലില്‍ മുംബൈ സിറ്റിയുടെ കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ തോല്‍പ്പിച്ചത്. ഈ ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 36 പോയിന്റുമായി മുംബൈ ഒന്നാം സ്ഥാനത്ത് തുടരുന്നു. 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബഗാന്‍ 23 പോയിന്റുമായി നാലാം സ്ഥാനത്താണ്.

◾ശ്രീലങ്കക്കെതിരായ അവസാനത്തേയും മൂന്നാമത്തേയും ഏകദിനത്തിനായ് ടീം ഇന്ത്യ ഇന്ന് കാര്യവട്ടം സ്റ്റേഡിയത്തില്‍ പാഡണിയും. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരുകയായെന്ന ലക്ഷ്യത്തോടെയായിരിക്കും ഇന്ന് കളത്തിലിറങ്ങുക.

◾പ്രമുഖ യുപിഐ സേവന ദാതാവായ പേടിഎമ്മിന്റെ ഓഹരികള്‍ സ്വന്തമാക്കി മോര്‍ഗന്‍ സ്റ്റാന്‍ലി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഓഹരി ഒന്നിന് 534.80 രൂപ നിരക്കില്‍ 54.95 ലക്ഷം ഓഹരികളാണ് മോര്‍ഗന്‍ സ്റ്റാന്‍ലി സ്വന്തമാക്കിയത്. ഓഹരികള്‍ ഏറ്റെടുക്കുന്നതിനായി ഏകദേശം 294 കോടി രൂപയാണ് മോര്‍ഗന്‍ സ്റ്റാന്‍ലി ചെലവഴിച്ചത്. 2023 ജനുവരി 12- ന് പ്രമുഖ ചൈനീസ് ഗ്രൂപ്പായ ആലിബാബ പേടിഎമ്മിന്റെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു. 536.95 രൂപ നിരക്കില്‍ 1.92 കോടി ഓഹരികളാണ് ആലിബാബ വിറ്റഴിച്ചത്. ഈ ദിവസം തന്നെയാണ് മോര്‍ഗന്‍ സ്റ്റാന്‍ലി പേടിഎമ്മിന്റെ ഓഹരികള്‍ ഏറ്റെടുത്തത്. ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 1,031 കോടിയോളം രൂപ സമാഹരിക്കാന്‍ ആലിബാബയ്ക്ക് സാധിച്ചിട്ടുണ്ട്. മോര്‍ഗന്‍ സ്റ്റാന്‍ലിക്ക് പുറമേ, യുഎസ് സ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെഡ്ജ് ഫണ്ട് ഗിസല്ലോ മാസ്റ്റര്‍ ഫണ്ടും പേടിഎമ്മില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. 534.80 രൂപ നിരക്കില്‍ പേടിഎമ്മിന്റെ 266 കോടി രൂപയുടെ ഓഹരികളാണ് ഗിസല്ലോ വാങ്ങിയത്.

◾കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്ന ചിത്രമാണ് 'വെടിക്കെട്ട്'. ബാദുഷാ സിനിമാസിന്റേയും ശ്രീ ഗോകുലം മൂവീസിന്റേയും ബാനറുകളില്‍ ഗോകുലം ഗോപാലന്‍, എന്‍എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഫെബ്രുവരി 3 മുതല്‍ തിയറ്ററുകളിലെത്തും. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതും ഇവര്‍ തന്നെയാണ്. പുതുമുഖ താരം ഐശ്യര്യ അനില്‍കുമാറാണ് നായിക. ഇവര്‍ക്ക് പുറമെ ഇരുന്നൂറോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നാളിതുവരെ നാം കണ്ടതില്‍ വച്ച് തികച്ചും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് വിഷ്ണുവും ബിബിനും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

◾ജോജു ജോര്‍ജ് ഇരട്ട വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് 'ഇരട്ട'. കരിയറില്‍ ആദ്യമായി ജോജു ഇരട്ട വേഷത്തില്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ സവിശേഷത. ഇരട്ടകളായ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഫെബ്രുവരി 2ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്നത് നവാഗതനായ രോഹിത് എംജി കൃഷ്ണന്‍ ആണ്. അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിറ്റ് ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജേക്‌സ് ബിജോയാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

◾റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയര്‍ 650 2023 ജനുവരി 16-ന് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും. 650 സിസി ക്രൂയിസര്‍ ബൈക്ക് സ്റ്റാന്‍ഡേര്‍ഡ്, ടൂറര്‍ എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാകും. ഇവയ്ക്ക് യഥാക്രമം 3.5 ലക്ഷം മുതല്‍ 4 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു. അതായത് രാജ്യത്തെ ഏറ്റവും വിലകൂടിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കായിരിക്കും ഇത്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റ് ആസ്ട്രല്‍ (നീല, കറുപ്പ്, പച്ച), ഇന്റര്‍സ്റ്റെല്ലാര്‍ (പച്ച, ചാര) പെയിന്റ് സ്‌കീമുകളില്‍ വരും. അതേസമയം ടൂറര്‍ സെലസ്റ്റിയല്‍ നിറങ്ങളില്‍ (ചുവപ്പ്, നീല) ലഭ്യമാണ്. പുതിയ റോയല്‍ എന്‍ഫീല്‍ഡ് 650 സിസി ക്രൂയിസറിന്റെ ഹൃദയം 648 സിസി, എയര്‍-ഓയില്‍-കൂള്‍ഡ്, പാരലല്‍-ട്വിന്‍ എഞ്ചിനാണ്. അത് 7,250 ആര്‍പിഎമ്മില്‍ പരമാവധി 47 ബിഎച്ച്പി പവര്‍ പുറപ്പെടുവിക്കുന്നു. ഇതിന്റെ ടോര്‍ക്ക് 5,650 ആര്‍പിഎമ്മില്‍ 52 എന്‍എം ആണ്.

◾കുരുക്ഷേത്രയുദ്ധം ആരംഭിക്കുന്നതിനു മുന്‍പ് ഘടോല്‍ക്കചന്‍ അമ്മ ഹിഡിംബിയുടെ നിര്‍ദ്ദേശ പ്രകാരം മുത്തശ്ശി കുന്തിദേവിയുടെ അനുഗ്രഹം വങ്ങാനെത്തുന്ന സന്ദര്‍ഭത്തെ കേന്ദ്രമാക്കി, ഒരു സുപ്രധാന കഥാപാത്രമായിരുന്നിട്ടും ഇതിഹാസ ചര്‍ച്ചകളില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോയ കരുത്തനായ ഭീമപുത്രന്റെ കഥ പറയുകയാണ് ഈ നോവലിലൂടെ. 'ഒരു കിരാത കാണ്ഡം'. കൃഷ്ണന്‍ പി. കൊന്നഞ്ചേരി. കൈരളി ബുക്സ്. വില 218 രൂപ.

◾വിശപ്പില്ലെങ്കിലും കുറഞ്ഞ സമയംകൊണ്ട് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ 'ബിഞ്ച് ഈറ്റിംഗ് ഡിസോര്‍ഡര്‍' എന്നാണ് പറയുന്നത്. വയറുപൊട്ടും എന്നു തോന്നുംവരെ ഇവര്‍ കഴിച്ചുകൊണ്ടിരിക്കും. കൊളസ്‌ട്രോള്‍, പ്രമേഹം, അമിതവണ്ണം തുടങ്ങിയവയ്ക്ക് ഇതു കാരണമാകാം. ഒറ്റയ്ക്കിരുന്ന് കഴിക്കുന്നതും പിന്നീട് കുറ്റബോധം തോന്നുന്നതും ഇത്തരക്കാരുടെ ലക്ഷണങ്ങളാണ്. വാരിവലിച്ചു കഴിച്ചശേഷം വായില്‍ വിരലിട്ട് ഛര്‍ദ്ദിക്കുന്ന രീതി ചില രോഗാവസ്ഥയില്‍ കാണാം. അനിയന്ത്രിതമായി ഭക്ഷണം കഴിക്കുന്നത് ആഹാരസാധനങ്ങളോട് ഒരുതരം അടിമത്ത മനോഭാവം വളര്‍ത്തിയെടുക്കുന്നു. ഭക്ഷണത്തിനോടുള്ള ആസക്തി ചിലപ്പോള്‍ ഫുഡ് അഡിക്ഷന്‍ പോലെയുള്ള അവസ്ഥയില്‍ എത്തിച്ചേക്കാം. എന്തെങ്കിലുമൊക്കെ കഴിച്ചുകൊണ്ടേയിരിക്കുക എന്ന ശീലം ചില മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. മാനസിക പിരിമുറുക്കത്തിന് അയവ് വരുത്താന്‍വേണ്ടി ഭക്ഷണത്തെ ആശ്രയിക്കുന്ന ശീലങ്ങള്‍ തിരിച്ചറിയുകയും, ഇച്ഛാശക്തിയോടെ മാറ്റിയെടുക്കുകയും ചെയ്യാം. വിശപ്പുള്ളതുകൊണ്ടാണോ അതോ മാനസിക പ്രശ്‌നങ്ങള്‍ മൂലമാണോ എന്ന ഉത്തരം സ്വയം കണ്ടെത്തിയാല്‍ ആ ശീലം മാറ്റിയെടുക്കണമെന്ന ഉള്‍പ്രേരണയുണ്ടാകും. ആധിക്ക് അറുതി വരുത്താന്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന ഘട്ടത്തില്‍ ശ്വസന വ്യായാമം ചെയ്‌തോ പാട്ടുകേട്ടോ മനസിനെ മാറ്റിയെടുക്കാം. ഭക്ഷണം സമയമെടുത്ത് ആസ്വദിച്ചു കഴിക്കാന്‍ ശ്രദ്ധിക്കുക. കഴിയുന്നത്ര കാലറിയും കൊഴുപ്പും കുറഞ്ഞ ഭക്ഷണം തിരഞ്ഞെടുക്കുക.
 *ശുഭദിനം മീഡിയ 16*