ഡോക്ടർ_കൃഷ്ണമനോഹറിൻ്റെ ഭൗതിക ശരീരം ഇനി തിരുവനന്തപുരം മെഡിക്കൽ കോളജിന്

അഞ്ചൽ: ഇന്നലെ അന്തരിച്ച പ്രശസ്ത കാർഡിയോ തൊറാസിക് സർജനായ അഞ്ചൽ, പനച്ചിവിള, രമാ സദനത്തിൽ ഡോ. കൃഷ്ണ മനോഹറിൻ്റെ (65) മൃതദേഹം ഡൽഹിയിൽ നിന്നും ഇന്ന് രാത്രി അഞ്ചലിൽ എത്തിക്കും. നാളെ (ഞായർ) പൊതുദർശനനത്തിന് സൗകര്യമുണ്ടാകും. തുടർന്ന് അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിന് വിട്ടുകൊടുക്കും.

കുട്ടികളുടെ ഹൃദയ ശസ്ത്രക്രീയക്ക് പ്രത്യേക വൈദഗ്ദ്യം നേടിയിരുന്ന ഡോ. കൃഷ്ണ മനോഹർ തിരുവനന്തപുരം ശ്രീചിത്ര ഉൾപ്പെടെ പ്രമുഖ ആശുപത്രികളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ശ്രീ ചിത്രയിൽ ഡോ.എം.എസ് വല്യത്താൻ്റെ ശിക്ഷണത്തിലും പിന്നീട് ചെന്നൈയിലെ ഫ്രോണ്ടിയർ ലൈഫ് ലൈൻ ആശുപത്രിയിൽ ഡോ.കെ.എം ചെറിയൻ്റെ ശിക്ഷണത്തിലും ഹൃദയശസ്ത്രക്രിയയിൽ പ്രത്യേക പ്രാവീണ്യം നേടി.

വിരമിച്ച ശേഷം സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സത്യസായി സഞ്ചീവനി ഹോസ്പിറ്റലിൻ്റെ ഭാഗമായി നിരവധി പേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിക്കൊണ്ടിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. അടുത്തിടെ ഫിൻലാൻഡിലെ പ്രവർത്തനങ്ങൾക്ക് ശേഷം ഡൽഹിയിൽ എത്തിയ ശേഷമായിരുന്നു മരണം. ഹൃദയാഘാതമായിരുന്നു മരണ കാരണം.