കടിച്ചെടുത്ത് റോഡിലിട്ടു; തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കുഞ്ഞിനു പരുക്ക്

കൊട്ടിയം : വീടിന്റെ വരാന്തയിൽ കളിച്ചു കൊണ്ടിരുന്ന ഒരു വയസ്സുകാരന് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റു. നായ്ക്കൂട്ടം കുഞ്ഞിനെ കടിച്ചെടുത്ത് 5 മീറ്റർ ദൂരേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി റോഡിലിട്ടും കടിച്ചു.ഈ സമയം അതുവഴി വന്ന ബൈക്ക് യാത്രികൻ സോണിയും അയൽവാസിയും ചേർന്നാണ് കുഞ്ഞിനെ രക്ഷിച്ചത്. മയ്യനാട് പുല്ലിച്ചിറ കക്കാകടവ് ആതിരയുടെയും രാജേഷിന്റെയും മകൻ അർണവ് ആദവിനാണ് നായ്ക്കളുടെ കടിയേറ്റത്. തലയ്ക്കും കഴുത്തിനും കണ്ണിലും കടിയേറ്റ അർണവിനെ ആദ്യം മയ്യനാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് സംഭവം.തെരുവുനായ്ക്കളുടെ ആക്രമണം നടക്കുമ്പോൾ അർണവും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടിൽ. മൂത്ത കുട്ടിക്കു സുഖമില്ലാതിരുന്നതിനാൽ ആതിര, അർണവിനെ അമ്മയെ ഏൽപിച്ച് ആശുപത്രിയിലേക്കു പോയി . മുറിക്കുള്ളിൽ വച്ച് അർണവിന് കഞ്ഞി കൊടുത്ത ശേഷം മുത്തശ്ശി അടുക്കള ഭാഗത്തേക്ക് പോയ സമയം കുഞ്ഞ് വരാന്തയിലേക്ക് വന്നു. അവിടെ ഇരുന്നു കളിച്ചു കൊണ്ടിരിക്കെയാണ് തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിച്ചത്. നായ്ക്കൂട്ടം കുട്ടിയെ കടിച്ചെടുത്ത് റോഡിലേക്കു കൊണ്ടു പോയി അവിടെ വച്ചും കടിച്ചു.ഈ സമയം അതുവഴി ബൈക്കിൽ വന്ന സോണി കുഞ്ഞിന്റെ കരച്ചിൽ കേട്ട് വടിയുമായി എത്തി നായ്ക്കളെ തുരത്തി രക്ഷിക്കുകയായിരുന്നു. ദേഹമാസകലം കടിയേറ്റ കുഞ്ഞിന് ചികിത്സ നൽകിയ ശേഷം വീട്ടിലേക്കു വിട്ടു.