തിരുവനന്തപുരം മണക്കാട് കല്ലാട്ട് മുക്ക് റോഡ് തകര്‍ന്ന് യാത്രക്കാർ ദുരിതത്തിൽ

അമ്പലത്തറ: മണക്കാട്-കല്ലാട്ടുമുക്ക് റോഡില്‍ യാത്രക്കാര്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് അറുതിയില്ല. വാഹനങ്ങള്‍ തിരിച്ചുവിട്ട് രണ്ട് പോയന്റുകളില്‍ ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് വാര്‍ഡന്‍മാരുടെ സേവനം ഉപയോഗിക്കുമെന്നും അറിയിച്ചിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ഇതോടെ ദുരിതം പേറി റോഡ് കടക്കേണ്ട അവസ്ഥയിലാണ് നാട്ടുകാരും യാത്രക്കാരും. ഓടനിര്‍മാണത്തിനെ തുടര്‍ന്ന് റോഡിലുണ്ടായ ഗതാഗതക്കുരുക്ക് യാത്രക്കാരെയും കുട്ടികളെയും വലക്കുകയാണ്.

ഓടകൂടി ബന്ധിപ്പിക്കുന്നതോടെ കനാലിന്റെ കരകളില്‍ താമസിക്കുന്നവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകും. പാര്‍വതീപുത്തനാറില്‍ എത്തേണ്ട കനാല്‍ പലയിടത്തും കൈയേറിയതിനാല്‍ കനാലിലെ ഒഴുക്ക് നിലച്ചനിലയിലാണ്. കനാലിന്റെ ഒഴുക്ക് സുഗമമാക്കിയാല്‍ മാത്രമേ പുതിയ ഓടയിലൂടെ കനാലില്‍ എത്തുന്ന വെള്ളം ഒഴുകി പുത്തനാറില്‍ എത്തൂ. കനാല്‍ കൈയേറ്റം ഒഴിപ്പിക്കാതെയും ഒഴുക്ക് സുഗമമാക്കാതെയും നടത്തുന്ന ഓടനിര്‍മാണം കോടികള്‍ തുലയ്ക്കുമെന്നല്ലാതെ ഗുണമുണ്ടാകില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.