ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ യാത്രയും വിഐപി ദർശനവും വാഗ്ദാനം ചെയ്തു പരസ്യം നൽകിയ കമ്പനിക്കെതിരെ നടപടി ആരംഭിച്ചതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഹൈക്കോടതിയിൽ. ദേവസ്വം ബോർഡ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ഇക്കാര്യത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.
‘പ്രത്യേക ദർശനം നൽകുമെന്നായിരുന്നല്ലോ വാഗ്ദാനം, വിഐപി ദർശനത്തിനായി എന്തൊക്കെ കാര്യങ്ങൾ ചെയ്തു?’ എന്നു കമ്പനിയോടു പരിഹാസരൂപേണ കോടതി ആരാഞ്ഞു. ഹെലി കേരള കമ്പനിയാണ് അവരുടെ വെബ്സൈറ്റിൽ വിഐപി ദർശനം വാഗ്ദാനം ചെയ്തത്. കൊച്ചിയിൽനിന്ന് ഹെലികോപ്റ്റർ യാത്ര, പമ്പയിലേയ്ക്ക് കാർ യാത്ര, അവിടെനിന്നു ഡോളിയിൽ സന്നിധാന യാത്ര, വിഐപി ദർശനം എന്നിവ അരലക്ഷം രൂപയ്ക്കാണ് വാഗ്ദാനം ചെയ്തത്. ഇത് ആരുടെ അനുമതിയോടെ ആണെന്നായിരുന്നു കേസ് ആദ്യം പരിഗണിക്കുമ്പോൾ കോടതിയുടെ ചോദ്യം.പരസ്യം നീക്കം ചെയ്തതായി കമ്പനി കോടതിയെ അറിയിച്ചു. എന്തു നടപടി എടുത്തെന്ന ദേവസ്വം ബോർഡിനോടുള്ള ചോദ്യത്തിനു പരാതി നൽകിയതായി അറിയിച്ചിരുന്നു. വ്യോമയാന വകുപ്പിന്റെ അനുമതി ഉൾപ്പടെ ഉണ്ടോ എന്നും കോടതി ചോദിച്ചിരുന്നു. സംഭവത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാർ ഹൈക്കോടതിയോട് രണ്ടാഴ്ചത്തെ സാവകാശം തേടി. കേസ് കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.