ബൈപാസില്‍ കോണ്‍ക്രീറ്റ് കട്ടകളില്‍ തട്ടി അപകടം: സൈനികന് ദാരുണാന്ത്യം

പാറശാല : നിര്‍മാണം നടക്കുന്ന കാരോട് ബൈപ്പാസ് റോഡില്‍ അലക്ഷ്യമായി പൊളിച്ചു നിരത്തിയ കോണ്‍ക്രീറ്റ് കട്ടകളില്‍ തട്ടിയ ബൈക്കില്‍ നിന്ന് തെറിച്ച് വീണ സൈനികനു ദാരുണാന്ത്യം. ചാരോട്ടുകോണം കാന്തള്ളൂര്‍ പൊറ്റപുതുവല്‍ വീട്ടില്‍ അഭിജിത്ത് (23) ആണ് മരിച്ചത്.

    നാലു ദിവസം മുന്‍പാണ് പഞ്ചാബിലെ ജോലി സ്ഥലത്ത് നിന്ന് അവധിക്കു നാട്ടിലെത്തിയത്. വ്യാഴാഴ്ച്ച രാത്രി ഏഴുമണിയോടെ പ്ലാമുട്ടൂക്കട പോരന്നുരിനു സമീപമാണ് അപകടം. ഉദ്ഘാടനം കഴിഞ്ഞിട്ടില്ലെങ്കിലും വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡില്‍ കോണ്‍ക്രീറ്റ് പൊളിച്ച ഭാഗത്ത് സൂചനാ ബോര്‍ഡുകള്‍ പോലും സ്ഥാപിക്കാത്തതാണു അപകടത്തിനു കാരണം. മൃതദേഹം രാത്രി സൈനിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.