ബലാത്സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പി.ആര്‍.സുനുവിനെ സസ്പെൻഡ് ചെയ്തു. കൊച്ചി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തൃക്കാക്കര കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കേസുകളിലാണ് റിപ്പോർട്ട് നൽകിയത്.
സാമൂഹ്യവിരുദ്ധരുമായുള്ള കൂട്ടുകെട്ട് വ്യക്തമാക്കിയാണ് കമ്മിഷണറുടെ റിപ്പോർട്ട്. ഇന്നലെ സ്റ്റേഷനിലെത്തി വീണ്ടും ചാര്‍ജ്ജെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ അവധിയില്‍ പ്രവേശിക്കാന്‍ എഡിജിപി നിര്‍ദ്ദേശിച്ചിരുന്നു. കേസില്‍ താന്‍ നിരപരാധിയാണെന്നും മറ്റ് കേസുകളൊന്നും ഇല്ലാത്തതുകൊണ്ടുമാണ് ജോലിക്കെത്തിയതെന്നും സുനു പറഞ്ഞു.തൃക്കാക്കരയിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ മൂന്നാം പ്രതിയാണ് പി.ആർ.സുനു. തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ സുനുവിനെ ചോദ്യംചെയ്ത് വിട്ടയയ്ക്കുകയായിരുന്നു. ഒരു കേസ് പോലും തന്റെ പേരിൽ ഇല്ലെന്നും പരാതിക്കാരിയെ അറിയില്ലെന്നുമാണ് സുനുവിന്റെ അവകാശവാദം. പി.ആര്‍.സുനുവിനെ സര്‍വ്വീസില്‍നിന്ന് പിരിച്ചുവിടാൻ ശുപാര്‍ശ ചെയ്ത് ഡിജിപി അനിൽകാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.10 പേർ പ്രതികളായ കേസിൽ പരാതിക്കാരി അഞ്ചു പേരെ ഇതിനകം തിരിച്ചറിഞ്ഞെങ്കിലും ബാക്കി അഞ്ചു പേരെ തിരിച്ചറിഞ്ഞില്ലെന്നു പറയുന്നു. സുനു പ്രതിയായ 6 ക്രിമിനല്‍ കേസുകളില്‍ നാലെണ്ണം സ്ത്രീപീഡനത്തിന്റെ പരിധിയിലുള്ളതാണ്. കൊച്ചിയിലും കണ്ണൂരിലും തൃശ്ശൂരിലും ജോലി ചെയ്യുമ്പോള്‍ പൊലീസിന്റെ അധികാരം ഉപയോഗിച്ച് പീഡനത്തിന് ശ്രമിച്ചെന്നത് അതീവ ഗുരുതരമാണ്. 6 മാസം ജയില്‍ശിക്ഷ അനുഭവിച്ചതിന് പുറമെ 9 തവണ വകുപ്പുതല അന്വേഷണവും ശിക്ഷാനടപടിയും നേരിട്ടതും അയോഗ്യതയായി ഡിജിപി കാണുന്നു.