പോലീസിന്റെ സമയോചിത ഇടപെടലിൽ മണിക്കൂറുകൾക്കുള്ളിൽ മോഷണ സംഘം പിടിയിൽ.

തിരുവനന്തപുരം നഗരത്തിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിന് സമീപം സുനിൽ കുമാറിന്റെ വീട്ടിലും ചാത്തന്നൂർ സ്വദേശിയായ ശ്യാം രാജിന്റെ വീട്ടിലും മോഷണം നടത്തിയ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. മധുരൈ, അറപ്പാളയം സോണൈയ്യൻ മകൻ സന്തോഷ്‌ (33), തൂത്തുകുടി കാമരാജ് നഗർ, രാജാമണി മകൻ എഡ്വിൻ രാജ് (34) എന്നിവരാണ് പോലീസ് പിടിയിലായത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ പുറത്ത് പോയി തിരികെ വീട്ടിലെത്തിയ ശ്യാം രാജ് കാണുന്നത് കാർ പോർച്ചിൽ നിന്നും പുറത്തേക്ക് വരുന്ന മോഷ്ടാവിനേയും പുറത്ത് ബൈക്കിൽ കാത്ത് നിൽക്കുന്ന കൂട്ട് പ്രതിയേയുമാണ്. കാര്യം തിരക്കിയപ്പോൾ ജോലിക്കിടെ വെള്ളം എടുക്കാൻ വന്നതാണെന്നാണ് മറുപടി പറഞ്ഞത്. ഇവരുടെ പെരുമാറ്റത്തിൽ ചെറിയൊരു സംശയം തോന്നിയ ശ്യാം രാജ് പകർത്തിയ മോഷ്ടാക്കളുടെ ചിത്രമാണ് ഇവരെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടാൻ പോലീസിനെ സഹായിച്ചത്. കേരള- തമിഴ്‌നാട് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും, ജില്ലാ ഡാൻസാഫ് ടീം അംഗങ്ങളും പരസ്പര ഏകോപനത്തോടെ നടത്തിയ നീക്കത്തിനൊടുവിൽ പ്രതികൾ പിടിയിലാവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും മറ്റും നിരീക്ഷിച്ച് ഇവർ തമിഴ്നാട് സ്വദേശികളാണെന്നും അങ്ങോട്ടേക്ക് തന്നെയാണ് രക്ഷപ്പെടാൻ സാധ്യതയെന്നും മനസിലാക്കിയ പോലീസ്, ശ്യാം രാജിൽ നിന്നും പ്രതികളുടെ ചിത്രങ്ങൾ ലഭിച്ച ഉടൻ തന്നെ വാട്‌സാപ്പ് വഴി ജില്ലാ അതിർത്തികളിൽ പരിശോധന നടത്തുന്ന ഉദ്ദ്യോഗസ്ഥർക്ക് വിവരങ്ങൾ കൈമാറി. തുടർന്ന് തെങ്കാശി എസ്.പി യെ വിവരം ധരിപ്പിച്ച ഉടൻ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും പുളിയറ ചെക്ക് പോസ്റ്റിൽ കർശനപരിശോധനക്ക് വിധേയമാക്കാൻ ഉത്തരവിടുകയായിരുന്നു. അങ്ങനെയാണ് വൈകിട്ട് 4.15ന് തെങ്കാശിയിലേക്ക് വന്ന കെഎസ്ആർടിസി ബസിൽ നിന്നും പ്രതികളെ പിടികൂടാൻ ആയത്. തുടർന്ന് നടത്തിയ പരിശോധനയിൽ തൊണ്ടി മുതലും നിരവധി ആയുധങ്ങളും ഇവരുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു.