മണ്ണാറശാലയിൽ ആയില്യം മഹോത്സവം, ബുധനാഴ്ച ഈ ജില്ലയിൽ അവധി

മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം 2022 നവംബര്‍ 14 ,15, 16 തീയതികളിലാണ് ആഘോഷിക്കുന്നത്.മണ്ണാറശാലയില്‍ തുലാമാസത്തിലെ ആയില്യത്തിനാണ് മഹോത്സവം.മണ്ണാറശാല ആയില്യം ആചരിക്കുന്നത് തുലാമാസം 30, നവംബര്‍ 16 നാണ്. 

ഭൂമിയുടെ അവകാശികളായ നാഗദേവതകളുടെ അനുഗ്രഹം ലഭിച്ചാല്‍ എല്ലാ ദുരിതങ്ങളും ഒഴിഞ്ഞ് ആഗ്രഹസാഫല്യം കൈവരുമെന്നാണ് പറയപ്പെടുന്നത്. അതിനാലാണ് നാടെങ്ങും നാഗാരാധന അതിശക്തമായി നിലനില്‍ക്കുന്നത്. സ്ത്രീകള്‍ മുഖ്യപൂജാരിണികള്‍ ആകുന്നത് മണ്ണാറശാല ക്ഷേത്രത്തിന്റെ വ്യത്യസ്തയാണ്. 

നവംബര്‍ 14 പുണര്‍തം സന്ധ്യയില്‍ നടക്കുന്ന മഹാദീപ കാഴ്ചയില്‍ ആഘോഷങ്ങള്‍ ആയില്യം നാളില്‍ നാഗരാജാവിന്റെയും സര്‍പ്രൈഷിയുടെയും ശ്രീകോവിലുകളില്‍ കലാഭിഷേകവും നൂറുംപാലും തുടങ്ങിയ വിശേഷാല്‍ പൂജകളോടെ 16ന് പൂര്‍ണമാകും.

15നാണ് പ്രസിദ്ധമായ പൂയം തൊഴല്‍. കന്നി, തുലാം മാസങ്ങളിലെ ആയില്യങ്ങള്‍ തുല്യ പ്രാധാന്യത്തോടെയാണ് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തില്‍ ആചരിച്ചുവരുന്നത്.

മണ്ണാറശാല ആയില്യം പ്രമാണിച്ച്‌ ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്കു മാറ്റമില്ലെന്ന് അറിയിപ്പില്‍ പറയുന്നു.