തിരുവനന്തപുരത്ത് കാണിക്കവഞ്ചി മോഷണം; യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം: കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ മൂന്നംഗസംഘത്തെ വിളപ്പില്‍ശാല പൊലീസ് പിടികൂടി. വെള്ളറട വെള്ളാര്‍ തോട്ടിന്‍കര പുത്തന്‍ വീട്ടില്‍ വിഷ്ണു (29), മുട്ടത്തറ കമലേശ്വരം തോട്ടം വീട്ടില്‍ മുഹമ്മദ് ജിജാസ് (35), കടയ്ക്കാവൂര്‍ അഞ്ചുതെങ്ങ് കവാലീശ്വരം തിപ്പേപ്‌ളാവം പുത്തന്‍ വീട്ടില്‍ ഉഷ (43) എന്നിവരാണ് അറസ്റ്റിലായത്. വിളപ്പില്‍ശാല പടവന്‍കോട് മുസ്‌ലിം ജമാഅത്തിലെ കാണിക്കവഞ്ചിയാണ് പ്രതികള്‍ ഇരുമ്പുകമ്പി ഉപയോഗിച്ച് കുത്തിത്തുറന്നത്.

വെള്ളിയാഴ്ച രാവിലെ 6 മണിക്കാണ് സംഭവം. 2500 രൂപയാണ് പ്രതികള്‍ കവര്‍ന്നത്. മൂവരും നിരവധി മോഷണക്കേസുകളിലെ പ്രതികളാണ്. പുറ്റുമ്മേല്‍ക്കോണത്തെ പാല്‍ സൊസൈറ്റിയുടെ സമീപം വാടകക്ക് താമസിച്ചശേഷമായിരുന്നു മോഷണം. കാട്ടാക്കട ഡിവൈ.എസ്.പി എസ്. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്ത പ്രതികളെ കാട്ടാക്കട മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.