നിവേദനങ്ങൾ പലതു നൽകിയിട്ടും മരുതൻവിളാകം-വക്കം റോഡ് അറ്റകുറ്റപ്പണികൾ നടത്താൻ റെയിൽവേ കനിയുന്നില്ല

നിവേദനങ്ങൾ പലതു നൽകിയിട്ടും മരുതൻവിളാകം-വക്കം റോഡ് അറ്റകുറ്റപ്പണികൾ നടത്താൻ റെയിൽവേ കനിയുന്നില്ല.തകർന്നടിഞ്ഞ റോഡ് നാട്ടുകാർക്ക് യാത്രാദുരിതമാകുകയാണ്. ദിനംപ്രതി സ്കൂൾ വിദ്യാർഥികളടക്കം നിരവധിയാളുകൾ ആശ്രയിക്കുന്ന റോഡാണിത്. രണ്ട്‌ കിലോമീറ്ററാണ് ആകെ ദൂരമുള്ളത്.

റെയിൽവേ പുറമ്പോക്കിലൂടെയുള്ള റോഡായതിനാൽ അറ്റകുറ്റപ്പണികൾക്ക് റെയിൽവേയുടെ അനുമതി വേണം. നിവേദനങ്ങൾ നൽകിയിട്ടും റോഡ് നന്നാക്കുന്നതിനോ നന്നാക്കാനുള്ള അനുമതി നൽകുന്നതിനോ റെയിൽവേ അധികൃതർ തയ്യാറായിട്ടില്ല. 

കടയ്ക്കാവൂർ പഞ്ചായത്തിലെ പത്താം വാർഡിലുൾപ്പെടുന്നതാണ് റോഡ്. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽനിന്ന്‌ വക്കത്തേക്കു പോകുന്നതിനായി പ്രധാനമായി ആശ്രയിക്കുന്ന പാതയാണിത്. ടാറിളകി റോഡ്‌ പൊളിഞ്ഞിട്ട് വർഷങ്ങളായി. പലഭാഗങ്ങളിലും വലിയ കുഴികളും മെറ്റലുകളും ഇളകിക്കിടക്കുന്നതും കാരണം കാൽനടയാത്രപോലും ദുസ്സഹമാണ്. റോഡിന്റെ വശങ്ങളിൽ പാഴ്‌ച്ചെടികൾ വളർന്നു .കാടുമൂടിയതിനാൽ വശങ്ങളിലെ കുഴികൾ പലപ്പോഴും വാഹനയാത്രക്കാർക്ക് കാണാനാകില്ല.ഇതുമൂലം അപകടങ്ങളും പതിവാണ്. തെരുവുവിളക്കുകളില്ലാത്തതിനാൽ രാത്രികാലങ്ങളിൽ ദുരിതമേറെയാണ്. കാടുമൂടിയതിനാൽ ഇഴജന്തുക്കളുടെ ശല്യമുണ്ട്. റോഡിന്റെ സ്ഥിതി ദയനീയമാണെന്ന് പഞ്ചായത്തധികൃതരും സമ്മതിക്കുന്നു.

വക്കം എൽ.പി.ജി.എസിലെ ഭൂരിഭാഗം വിദ്യാർഥികളും ഈ റോഡിനെ ആശ്രയിച്ചാണ് സ്കൂളിലേക്കെത്തുന്നത്. സൈക്കിളിൽ വന്ന വിദ്യാർഥികൾ മെറ്റലിൽക്കയറി നിയന്ത്രണംതെറ്റി റോഡിനു വശത്തുള്ള വലിയ കുഴിയിലേക്ക് വീണതുൾപ്പെടെയുള്ള അപകടങ്ങളുമുണ്ടായിട്ടുണ്ട്. തെരുവുവിളക്കുകളില്ലാത്തതിനാൽ രാത്രിയിൽ ഇവിടെ പണം പിടിച്ചുപറിക്കുന്ന സംഘങ്ങളും സജീവമാണ്. ഇതുകൂടാതെ കുടിവെള്ളക്ഷാമം അതിരൂക്ഷമായ ഇവിടെ പൈപ്പ് കണക്ഷൻ എടുക്കാനും നാട്ടുകാർക്ക് കഴിയുന്നില്ല. കണക്ഷനെടുക്കണമെങ്കിൽ റെയിൽവേയുടെ അനുമതി വേണം.

അനുമതി ലഭിക്കാത്തതിനാൽ ഫണ്ട് നഷ്ടമായി

റോഡ് നവീകരിക്കുന്നതിനായി ജില്ലാപ്പഞ്ചായത്ത് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ റെയിൽവേയുടെ അനുമതി ലഭിക്കാത്തതിനാൽ തുക നഷ്ടമായി.റോഡ് സഞ്ചാരയോഗ്യമാക്കുകയും കുടിവെള്ള കണക്ഷൻ എത്തിക്കുകയും ചെയ്ത് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണം