*അഗ്നിപഥിന്റെ പേരിൽ തട്ടിപ്പുകൾ നടന്നേക്കാം; മുന്നറിയിപ്പുമായി സൈന്യം*

*ജോലി വാഗ്ദാനങ്ങൾ ലഭിച്ചാൽ പൊലീസ് സ്‌റ്റേഷനിലോ ആർമി യൂണിറ്റിലോ അറിയിക്കാം; അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി 17 മുതൽ കൊല്ലത്ത്*


തിരുവനന്തപുരം:അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയിൽ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ നടന്നേക്കാമെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്.കേരളത്തിലെ രണ്ടാം ഘട്ട അഗ്‌നിപഥ് റിക്രൂട്‌മെന്റ് റാലി 17 ന് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ആരംഭിക്കാനിരിക്കെയാണ് റിക്രൂട്‌മെന്റിന്റെ പേരിലുള്ള തട്ടിപ്പുകൾക്കെതിരെ സൈന്യം മുന്നറിയിപ്പ് നൽകുന്നത്.സൈന്യത്തിലേക്ക് റിക്രൂട്‌മെന്റ് വാഗ്ദാനം ചെയ്തു സമീപിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് സ്റ്റേഷനിലോ ആർമി യൂണിറ്റിലോ റാലി സ്ഥലത്തെ പരാതി സെല്ലിലോ അറിയിക്കണമെന്നാണു ഉദ്യോഗാർത്ഥികൾക്കുള്ള സൈന്യത്തിന്റെ നിർദ്ദേശം.

തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർഥികൾക്കുള്ള അഗ്‌നിപഥ് റിക്രൂട്‌മെന്റ് റാലി 17 മുതൽ 25 വരെയാണ് കൊല്ലത്തു നടക്കുക.

അഗ്‌നിവീർ ജനറൽ ഡ്യൂട്ടി, അഗ്‌നിവീർ ടെക്നിക്കൽ, അഗ്‌നിവീർ ട്രേഡ്സ്മെൻ (പത്താം ക്ലാസ്, എട്ടാം ക്ലാസ്), അഗ്‌നിവീർ (ക്ലാർക്ക് / സ്റ്റോർ കീപ്പർ ടെക്നിക്കൽ) വിഭാഗങ്ങളിലേക്കാണ് റാലി നടത്തുന്നത്.

26 മുതൽ 29 വരെ സോൾജിയർ ടെക്നിക്കൽ നഴ്സിങ് അസിസ്റ്റന്റ് / നഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി, ജൂനിയർ കമ്മിഷൻഡ് ഓഫിസർ (മത അദ്ധ്യാപകൻ) എന്നീ വിഭാഗങ്ങളിലേക്കുള്ള ആർമി റിക്രൂട്മെന്റ് റാലിയും ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും.

കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായാണ് ആർമി റിക്രൂട്‌മെന്റ് റാലി. ഓൺലൈൻ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ ഇമെയിലിൽ ലഭിച്ച അഡ്‌മിറ്റ് കാർഡിനൊപ്പം ഒറിജിനൽ രേഖകളുമാണ് റിക്രൂട്ട്‌മെന്റ് സമയത്ത് ഹാജരാക്കേണ്ടത്.