ആധാർ കാർഡിനോട് സാമ്യമുള്ള ക്യുആർ കോഡാണ് സിലിണ്ടറുകളിൽ പതിക്കുക
ഗാർഹിക പാചക വാതക സിലിണ്ടറുകളിൽ ക്യുആർ കോഡുകൾ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇതോടെ, രാജ്യത്ത് ഇനി മുതൽ വിപണത്തിന് എത്തുന്ന ഗാഹിക പാചക വാതക സിലിണ്ടറുകളിൽ ക്യുആർ കോഡുകൾ ഉണ്ടായിരിക്കുന്നതാണ്. വിപണനവുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതികൾ തടയാനും, ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്താനും പുതിയ സംവിധാനത്തിലൂടെ സാധ്യമാകും. വീടുകളിൽ എത്തുന്ന പാചകവാതക സിലിണ്ടറുകളുടെ തൂക്കവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു. പലപ്പോഴും ഒന്ന് മുതൽ മൂന്ന് കിലോ വരെ തൂക്കക്കുറവ് ഉണ്ടാകാറുണ്ടെന്നാണ് ഉപഭോക്താക്കളുടെ പരാതി. ഇത്തരം പരാതികൾക്ക് പരിഹാരമായാണ് ക്യുആർ കോഡുകൾ സ്ഥാപിക്കുന്നത്.
ആധാർ കാർഡിനോട് സാമ്യമുള്ള ക്യുആർ കോഡാണ് സിലിണ്ടറുകളിൽ പതിക്കുക. പുതിയ സിലിണ്ടറുകളിൽ ക്യുആർ കോഡ് വെൽഡ് ചെയ്ത് ഘടിപ്പിക്കുകയും, പഴയ സിലിണ്ടറുകളിൽ ഒട്ടിക്കുകയും ചെയ്യും. ഉപഭോക്താക്കൾക്ക് ക്യുആർ കോഡ് സ്കാൻ ചെയ്താൽ അവയിലെ വാതകത്തിന്റെ അളവ് മനസിലാക്കാൻ സാധിക്കുന്നതാണ്. ഇതിലൂടെ സിലിണ്ടർ വീടുകളിൽ വിപണനം ചെയ്യുന്ന സമയത്ത് ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്നും അറിയാൻ സാധിക്കും