*വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവം; വധശ്രമം ചുമത്താതെ എഫ്ഐആർ, പൊലിസിനുള്ളിൽ പ്രതിഷേധം*

തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ സമരസമിതി പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധശ്രമം ചുമത്താതെ എഫ്ഐആർ. ഇതോടെ സേനയിൽ അമർഷം പുകയുകയാണ്. വധശ്രമം ചുമത്തി റിപ്പോർട്ട് കോടതിയിൽ നൽകുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നതെങ്കിലും സർക്കാർ തീരുമാനം ഇക്കാര്യത്തിൽ നിർണായകമാണ്.

ഇന്നലെ രാത്രി നടന്ന സമരസമിതിയുടെ ആക്രമണത്തിൽ 36 പൊലീസുകാർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. കോൺക്രീറ്റ് കട്ടകൊണ്ട് കാലിന് ഇടിയേറ്റ എസ്ഐ ലിജോ പി മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയാണ്. സംഘം ചേർന്ന് പൊലീസിനെ ബന്ദിയാക്കിയെന്നാണ് എഫ്ഐആർ. കസ്റ്റഡിയിൽ എടുത്തവരെ വിട്ടുകിട്ടിയില്ലെങ്കിൽ സ്റ്റേഷന് അകത്തിട്ട് പൊലീസിനെ കത്തിക്കുമെന്നായിരുന്നു ഭീഷണി. പൊലീസ് വാഹനങ്ങൾ തകർത്തു, 85 ലക്ഷം രൂപയുടെ നഷ്ടം വരുത്തി തുടങ്ങിയവയാണ് എഫ് ഐ ആറിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നിട്ടും വധശ്രമത്തിന് കേസെടുക്കാത്തതിലാണ് പൊലീസുകാർക്കുള്ളിൽ തന്നെ പ്രതിഷേധം ശക്തമായത്. 

ഇതിനിടെ ഇന്നലെ കസ്റ്റഡിയിലെടുത്ത നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മുത്തപ്പൻ , ലിയോൺ , പുഷ്പരാജ് , ഷാജി എന്നിവരെ ആണ് വിട്ടയച്ചത്. കസ്റ്റഡിയിലെടുത്ത സെൽട്ടനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ ഇവരെ പ്രശ്നങ്ങളെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ഇന്നലത്തെ സംഘർഷം. അതേസമയം സെൽട്ടനെ റിമാൻഡ് ചെയ്തു. 

 വിഴിഞ്ഞത്ത് തീരദേശത്തും പൊലീസ് സ്റ്റേഷൻ പരിസരത്തും ഹാർബറിലും കെ എസ് ആർ ടി സി പരിസരത്തും അടക്കം വൻപൊലീസ് സന്നാഹമുണ്ട്. സമീപജില്ലയിൽ നിന്നും പൊലീസിനെ എത്തിച്ചു. ഇതിനിടെ വള്ളങ്ങൾ നിരത്തി സമരക്കാർ പലയിടത്തും വഴി തടഞ്ഞിട്ടുണ്ട്. വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഒരു ബസ് പോലും ഇതുവരെ സർവീസ് നടത്തിയിട്ടില്ല.