സീസണ്‍ ആരംഭിച്ചു; ടൂറിസം കേന്ദ്രങ്ങളില്‍ വിനോദസഞ്ചാരികളെത്തുന്നില്ല

 വര്‍ക്കല : സീസണ്‍ ആരംഭിച്ചിട്ടും തലസ്ഥാനത്തിന്റെ ടൂറിസം കേന്ദ്രങ്ങളിലേക്ക് തിരിഞ്ഞുനോക്കാതെ വിദേശ-ആഭ്യന്തര വിനോദസഞ്ചാരികള്‍. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് തലസ്ഥാനത്തിന്റെ ടൂറിസം സീസണ്‍ ഉണരുന്നത്.

ടൂറിസ്റ്റുകളുടെ സ്നേഹതീരമാണ് വര്‍ക്കല. എന്നാല്‍ ഇപ്പോള്‍ ആഴ്ചാവസാനവും അവധിക്കും വന്നുപോകുന്ന നാട്ടുകാരും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരും മാത്രമാണ് ഇപ്പോള്‍ വര്‍ക്കല ബീച്ചില്‍ വരുന്നത്. സീസണ്‍ കാലത്ത് പൊതുവെ ശക്തി കുറഞ്ഞ തിരമാലയാണ് വര്‍ക്കലയിലേത്്.
സഞ്ചാരികളുടെ എണ്ണം നന്നേ കുറഞ്ഞതോടെ വര്‍ക്കലയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന കച്ചവടക്കാരും കുടുംബങ്ങളും ബുദ്ധിമുട്ടിലായി.

    യാത്രികരെ ആകര്‍ഷിക്കാനുള്ള കാര്യമായ പദ്ധതികള്‍ നടപ്പാക്കത്തത് വലിയ തിരിച്ചടി ഉണ്ടാക്കി. മതിയായ സുരക്ഷ ലഭിക്കാത്തതും വരവ് കുറയാന്‍ കാരണമായി. ടൂറിസം മേഖലയിലെ വ്യാപാരികള്‍ക്ക് ഇത് വലിയ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. മുമ്പ് ടൂറിസം സീസണ്‍ ആരംഭിക്കുമ്പോള്‍ തന്നെ വിദേശ ടൂറിസ്റ്റുകള്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ തിരുവനന്തപുരത്ത് എത്താറുണ്ട്. എന്നാല്‍ സീസണ്‍ ആരംഭിച്ച് ഒരുമാസം പിന്നിട്ടും ഒറ്റ ചാര്‍ട്ടേഡ് വിമാനം പോലും എത്തിയില്ല. 

  കോവളം സന്ദര്‍ശിക്കാന്‍ എത്തിയ ലാത്വിയന്‍ യുവതിയുടെ കൊലപാതകം, ജര്‍മന്‍ യുവതിയുടെ തിരോധാനം തുടങ്ങിയ സംഭവങ്ങള്‍ വിദേശ ടൂറിസ്റ്റുകള്‍ക്ക് സുരക്ഷ ഭീതിയുണ്ടാക്കിയിട്ടുണ്ട്. ജര്‍മനിയില്‍ നിന്നും വര്‍ഷംതോറും നിരവധി ടൂറിസ്റ്റുകളാണ് കേരളത്തിലേക്കെത്തിയിരുന്നത്. കോവളത്തെത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ വര്‍ക്കല, ശംഖുംമുഖം, വേളി, പൂവാര്‍, വെള്ളയാണിക്കായല്‍, പൊന്മുടി എന്നിവിടങ്ങളാണ് പ്രധാനമായും സന്ദര്‍ശിക്കുന്നത്. തലസ്ഥാന ജില്ലയില്‍ ടൂറിസം വകുപ്പ് കൃത്യമായ വികസനം നടത്താത്തതിനാല്‍ അടുത്തതവണയും ഇവിടേക്ക് വരാനും സന്ദര്‍ശകര്‍ മടിക്കുന്നു.