*പ്രതിഷേധം! ലോകകപ്പിനെ ഞെട്ടിച്ച് ഇറാൻ താരങ്ങൾ; ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിന് മുമ്പ് ദേശീയഗാനം ആലപിച്ചില്ല*

ദോഹ: ലോകകപ്പിലെന്നല്ല ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള മത്സരങ്ങൾക്ക് മുമ്പ് പോലും ടീമുകൾ ദേശീയ ഗാനം ആലപിക്കണമെന്നതാണ് കളിയിലെ നിയമം. ഫിഫയും ഐ സി സിയും പോലുള്ള ലോക കായിക സംഘടനകൾ ഇത് കൃത്യമായി നടപ്പാക്കാറുമുണ്ട്. എന്നാൽ ഖത്തർ ലോകകപ്പിനെ ഞെട്ടിച്ചിരിക്കുകയാണ് ഇറാൻ ദേശീയ ടീം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പെ ദേശീയ ഗാനം ആലപിക്കാൻ ടീം തയ്യാറായില്ല. അതുകൊണ്ടുതന്നെ ഇറാൻ താരങ്ങൾ ദേശീയ ഗാനം ആലപിക്കാതെയാണ് മത്സരം ആരംഭിച്ചത്. ലോക മത്സര വേദികളിൽ അപൂ‍ർവ്വമായി മാത്രമാണ് ഇത്തരത്തിൽ സംഭവിക്കാറുള്ളത്. ഇറാനിൽ ഹിജാബിനെതിരായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് താരങ്ങൾ ദേശീയ ഗാനം ആലപിക്കാതിരുന്നത്. ദേശീയ ഗാനം ആലപിക്കാതിരുന്നത് കൂട്ടായ തീരുമാനം ആയിരുന്നുവെന്ന് ഇറാൻ ക്യാപ്റ്റൻ വ്യക്തമാക്കി.ഇറാനിലെ ഭരണത്തെ ഇളക്കിമറിക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ദേശീയഗാനം ആലപിക്കണോ വേണ്ടയോ എന്ന് ടീം ഒരുമിച്ച് ആലോചിച്ചിരുന്നെന്നും, അതിന് ശേഷമാണ് ആലപിക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയതെന്നും ക്യാപ്റ്റൻ അലിരേസ ജഹാൻബക്ഷ് പറഞ്ഞു. ദോഹയിലെ ഖലീഫ ഇന്റർനാഷണൽ സ്‌റ്റേഡിയത്തിന് ചുറ്റും രാജ്യത്തിന്‍റെ ദേശീയഗാനം മുഴങ്ങുമ്പോൾ ഇറാൻ കളിക്കാർ നിർവികാരതയോടെയും നിർവികാരതയോടെയും നിൽക്കുകയായിരുന്നു. സെപ്റ്റംബർ മാസത്തിൽ 22 കാരിയായ മഹ്‌സ അമിനി പൊലീസ് കസ്റ്റഡിയിൽ മരിച്ചതിന് പിന്നാലെ തുടങ്ങിയ പ്രക്ഷോഭം ഇറാനിൽ ഇപ്പോഴും ശക്തമായി തുടരുകയാണ്. നിർബന്ധിത ഹിജാബ് ഉൾപ്പെടെയുള്ള സ്ത്രീകൾക്കുള്ള വസ്ത്രധാരണ നിയമത്തിനെതിരായാണ് പ്രതിഷേധം.