അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുന്നെന്ന് ആമീര്‍ ഖാന്‍; അമ്പരന്ന് ആരാധകർ, കാരണമിതാണ്..

നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ആമീര്‍ ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. ഒരു പരിപാടിക്കിടെ താന്‍ സിനിമാ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കാന്‍ പോകുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആമീര്‍. തന്റെ അമ്മയ്‌ക്കും കുടുംബത്തിനും മക്കള്‍ക്കും ഒപ്പം കഴിയാന്‍ വേണ്ടിയാണ് അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുന്നത് എന്നാണ് ആമീര്‍ അറിയിക്കുന്നത്.

എന്നാല്‍ ഇതിനര്‍ത്ഥം സിനിമാ മേഖലയില്‍ നിന്നും തീരെ അകലുന്നു എന്നല്ല. ആമീര്‍ നിര്‍മ്മിക്കുന്ന ‘ചാമ്പ്യൻസ്’ എന്ന ചിത്രത്തിന്റെ പിന്നണിയില്‍ താരം സജീവമാണ്. 35 വര്‍ഷത്തോളം നീണ്ട കരിയറില്‍ ആദ്യമായാണ് താന്‍ ബ്രേക്കെടുക്കുന്നത് എന്നാണ് ആമീര്‍ ഖാന്‍ വ്യക്തമാക്കുന്നത്. ജോലി ചെയ്യുമ്പോൾ ശ്രദ്ധ മുഴുവന്‍ അതിലാകും. അതിനാല്‍ ജീവിതത്തെ മറ്റൊരു വഴിയിലൂടെ കാണാന്‍ താല്‍പര്യപ്പെടുന്നതായും അടുത്ത ഒന്നോ ഒന്നരയോ വര്‍ഷത്തോളം അഭിനയിക്കുന്നില്ലെന്നുമാണ് ആമീറിന്റെ തീരുമാനം.

ആമീര്‍ നായകനായി അവസാനമായി റിലീസ് ചെയ്‌ത ‘ലാല്‍ സിംഗ് ഛദ്ദ’ വലി തോതില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. നടി രേവതി സംവിധാനം ചെയ്‌ത കാജോള്‍ നായികയായ ‘സലാം വെങ്കി’യില്‍ താരം അതിഥി താരമായി എത്തിയിരുന്നു.