*സുഹൃത്തിൻ്റെ കല്യാണ ചടങ്ങിന് പുടവ കൊടുത്ത് മടങ്ങുന്നതിനിടയിൽ കടലിൽ കുളിയ്ക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു*

പരവൂര്‍ : സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ നവവരന്‍ തിരയില്‍പെട്ടു മുങ്ങി മരിച്ചു. തിരുവനന്തപുരം പാങ്ങോട് ഭരതന്നൂര്‍ പുളിക്കരക്കുന്ന് വിഷ്ണു ഭവനില്‍ സരളയുടെ മകന്‍ വിഷ്ണു(27)ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായ വിഷ്ണുവിന്റെ വിവാഹം 3 മാസം മുന്‍പ് ആയിരുന്നു. ഇന്നലെ വൈകിട്ട് 6.15 ന് കാപ്പില്‍ ബീച്ചിലായിരുന്നു സംഭവം. 

   സുഹൃത്തിന്റെ വിവാഹത്തിന്റെ ഭാഗമായി ഇന്നലെ വധുവിന്റെ വീടായ വര്‍ക്കല പുല്ലാന്നിക്കോട് എന്ന സ്ഥലത്ത് മറ്റു 4 സുഹൃത്തുക്കളോടൊപ്പം പോയിരുന്നു. പിന്നീട് സംഘം കാപ്പില്‍ കടപ്പുറത്ത് എത്തുകയും കടലില്‍ കുളിക്കാനിറങ്ങുമ്പോള്‍ തിരയില്‍പ്പെട്ടു വിഷ്ണുവിനെ കാണാതാകുകയുമായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ നല്‍കിയ വിവരമനുസരിച്ച് നാട്ടുകാരും പരവൂര്‍ അഗ്‌നിരക്ഷാസേനയും ഉടന്‍ തിരച്ചില്‍ തുടങ്ങിയെങ്കിലും ഇരുട്ട് വീണതോടെ പ്രതിസന്ധിയായി. മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ കാണാതായ സ്ഥലത്തിന് അല്‍പം അകലെ നിന്നു വിഷ്ണുവിനെ കണ്ടെത്തി. ഉടന്‍ പൊലീസ് നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.