തിരുവനന്തപുരം : പുറത്തു വന്ന പാർട്ടി കത്തുകൾ മണിയാശാന്റെ വൺ..ടൂ..ത്രീ വിവാദം പോലെ സിപിഎമ്മിനെ തിരിഞ്ഞു കൊത്തുന്നു. മേയറുടെ കത്തിനു പിന്നാലെ പാർലമെന്ററി പാർട്ടി സെക്രട്ടറിയുടെയും ഇപ്പോൾ പാർട്ടി ജില്ലാ സെക്രട്ടറിയുടെയും കത്തു പുറത്തു വന്നതോടെ ഇനിയെന്തൊക്കെ വരാനിരിക്കുന്നു എന്ന ആശങ്കയിലാണ് പാർട്ടി നേതൃത്വം. വിവാദം ഒന്നരയാഴ്ച പിന്നിടുമ്പോൾ പുറത്തു വന്ന ഓരോ കത്തും പാർട്ടിയെ നിശബ്ദതയുടെ ചങ്ങലക്കെട്ടിലാക്കുകയാണ്. മേയറുടെ കത്ത് കണ്ടിട്ടില്ലെന്നും കിട്ടിയില്ലെന്നും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പലതവണ ആവർത്തിച്ചാണ് ആരോപണങ്ങളെ പ്രതിരോധിച്ചത്. എന്നാൽ സഹകരണ സ്ഥാപനത്തിൽ പിൻവാതിൽ നിയമനം നടത്തുന്നതിന് കഴിഞ്ഞ വർഷം പാർട്ടി ജില്ലാ കമ്മിറ്റി ലെറ്റർപാഡിൽ തന്നെ ആനാവൂർ ഒപ്പിട്ട കത്തു പുറത്തായതും, പിന്നാലെ നേതാവു തന്നെ സ്ഥിരീകരിച്ചതും പാർട്ടിക്ക് ‘ബോംബായി’.
താൽക്കാലിക നിയമനങ്ങളിലെല്ലാം പാർട്ടി നേരിട്ട് ഇടപെട്ടുവെന്ന ഗുരുതരമായ ആരോപണത്തിന് അടിവരയിടുന്നതായി ജില്ലാ സെക്രട്ടറിയുടെ കത്ത്. ക്രൈംബ്രാഞ്ചും വിജിലൻസും നടത്തുന്ന അന്വേഷണം തണുപ്പിക്കാൻ പാർട്ടിയുടെ അണിയറ നീക്കം നടക്കുന്നതിനിടെയാണ് ജില്ലയിൽ പാർട്ടിയെ നയിക്കുന്ന നേതാവിന്റെ കത്തും പുറത്തു വന്നത്. ഇത് പ്രതിപക്ഷ പാർട്ടികൾക്ക് തുടർപ്രക്ഷോഭത്തിന് കൂടുതൽ ഉൗർജ്ജം പകരും.
ഹൈക്കോടതിയിലും, തദ്ദേശ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാനിലും ഇതിനകം നൽകിയ ഹർജിയിലും പരാതിയിലും, അനുബന്ധ തെളിവുകളായി ജില്ലാ സെക്രട്ടറിയുടെ കത്തുൾപ്പെടെ രേഖകൾ നൽകാനാണ് പരാതിക്കാരുടെ തീരുമാനം. കത്തു തയാറാക്കിയത് താനല്ലെന്നുള്ള മേയർ ആര്യ രാജേന്ദ്രന്റെ മൊഴിയിലുറച്ച്, മേയർ രാജിവയ്ക്കേണ്ടതില്ലെന്ന് ആവർത്തിച്ച് താൽക്കാലികമായെങ്കിലും പ്രതിരോധം തീർക്കാനുള്ള ശ്രമത്തിലായിരുന്നു ജില്ലാ നേതൃത്വം.
പാർട്ടി ലെറ്റർപാഡിൽ കത്തെഴുതിയെന്നു തുറന്നു സമ്മതിച്ചോടെ പ്രതിരോധത്തിന്റെ ആയുധവും പാർട്ടിക്കു നഷ്ടമായി. എസ്എടി ആശുപത്രി നിയമനങ്ങൾക്ക് ജില്ലാ സെക്രട്ടറിക്കു കത്തു തയാറാക്കിയെന്നുള്ള പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിലിന്റെ മൊഴി പാർട്ടിയെ ചുഴറ്റിയടിക്കുമ്പോഴാണ് ആനാവൂരിന്റെ സ്ഥിരീകരണം കുറ്റസമ്മതമൊഴി രൂപത്തിൽ പുറത്തു വന്നത്.
ഈ സ്ഥിരീകരണത്തോട് മുതിർന്ന നേതാക്കൾ മൗനം പാലിക്കുകയാണ്.
വിഷയത്തിൽ ഇന്നലെ ചാനൽ ചർച്ചകൾക്ക് ക്ഷണിച്ചപ്പോൾ ഇല്ലെന്ന മറുപടിയാണ് സിപിഎം നൽകിയത്. ഗവർണ്ണർക്കെതിരായ രാജ്ഭവൻ മാർച്ചിനു ശേഷം മേയർക്കെതിരായ ആരോപണങ്ങളെ നേരിടാനായിരുന്നു ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. ജില്ലാ സെക്രട്ടറി തന്നെ കത്തെഴുതിയെന്നു സമ്മതിച്ചതോടെ വിശദീകരണ യോഗങ്ങൾക്ക് ഇനി പ്രസക്തിയില്ലാതായി. വരും ദിവസങ്ങളിൽ കൂടുതൽ പാർട്ടി കത്തുകൾ പുറത്തായാൽ അതു