പെടാതെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടു വന്ന് അനാഥർക്കു പുതുജീവിതം നൽകുന്നതിൽ പൊലീസ് ഓഫിസറുടെ നല്ല മനസ്സുണ്ട്. ബന്ധുക്കളിൽ നിന്ന് ഒറ്റപ്പെട്ട് എങ്ങോട്ടു പോകണമെന്ന് അറിയാതെ പകച്ചുനിൽക്കുന്നവർക്ക് കൊല്ലത്തെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എഎസ്ഐ നീണ്ടകര കാവനാട് ഡി.ശ്രീകുമാറാണു താങ്ങാകുന്നത്. രണ്ടര വർഷം മുൻപു കോവിഡിനെത്തുടർന്നു ക്യാംപിൽ പെട്ടു പോയ അനന്ദുവിനു വെളിനല്ലൂർ പഞ്ചായത്തിൽ പെരപ്പയത്തു വീടൊരുക്കുന്ന തിരക്കിലാണ് ഇപ്പോൾ ശ്രീകുമാർ. വീട് നിർമ്മാണം അന്തിമഘട്ടത്തിലാണ്.കോവിഡ് ക്യാംപിൽ കഴിയുമ്പോഴാണു ശ്രീകുമാർ അനന്ദുവിനെ കണ്ടുമുട്ടുന്നത്. അനന്ദുവിനെ ശ്രീകുമാറിന്റെ മേൽനോട്ടത്തിലുള്ള നീണ്ടകരയിലുള്ള മദർ ഹുഡ് ചാരിറ്റി മിഷനിലെത്തിച്ചു. അവിടെ തൊഴിൽ പരിശീലനം നൽകി. അനന്ദുവിനൊപ്പം അഞ്ചു പേർ കൂടിയുണ്ടായിരുന്നു. ഡ്രൈവിങ്, പെയിന്റിങ് ജോലി പഠിപ്പിച്ചു. അനന്ദുവിന്റെ അമ്മ പത്തനാപുരത്തു സ്നേഹത്തീരത്തിലാണെന്ന് അറിഞ്ഞു. അവരെയും പരിചരിക്കാൻ ശ്രമം നടത്തി. പക്ഷേ അമ്മ മരിച്ചു.അനന്ദുവിന്റെ അച്ഛൻ രാജീവ് പെരപ്പയത്തുണ്ടെന്നു കണ്ടെത്തി. അമ്മ മരിച്ചതിനാൽ അച്ഛനോടൊപ്പം താമസിക്കാനുള്ള ആഗ്രഹം അനന്ദു പ്രകടിപ്പിച്ചു. പെരപ്പയത്ത് അഞ്ചു സെന്റ് വസ്തുവിൽ അനന്ദുവിനു വീട് നിർമ്മാണം തുടങ്ങി. വീട് നിർമ്മാണത്തിന് സഹായിക്കാൻ മദർ ഹുഡ് മിഷനിലെ കൂട്ടായ്മയിലെ വിനോദ്, മണികണ്ഠൻ, സാലിമോൻ, ശങ്കരൻ എന്നിവരും എത്തി. പെരപ്പയത്തു മറ്റൊരു വീട്ടിൽ താമസിച്ചു വീട് പണിക്ക് ഇവരെല്ലാം സഹായിക്കുന്നുണ്ട്. പെയിന്റിങ് ഉള്‍പ്പെടെ ജോലി അനന്ദുവും ചെയ്തു. വീട് നിർമ്മാണം പൂർത്തിയാകുമ്പോൾ അനന്ദുവിനെ ജീവിതത്തിലേക്കു തിരിച്ചെത്തിക്കാനുള്ള പൊലീസ് ഓഫിസറുടെ ദൗത്യവും പൂർണ്ണ മാകും.
ചാരിറ്റി പ്രവർത്തനത്തിനു ശ്രീകുമാറിന്റെ സ്വന്തം കയ്യിൽ നിന്നാണു കൂടുതലും തുക ചെലവഴിക്കുന്നത്. ശ്രീകുമാറിന്റെ മദർ ഹുഡ് ചാരിറ്റി മിഷനിൽ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നുണ്ട്. സ്ത്രീകൾ ഉൾപ്പെടെ നൂറിലധികം പേരാണ് തയ്യൽ പരിശീലനത്തിലുള്ളത്. 2005ലാണു മദർ ഹുഡ് ചാരിറ്റി മിഷൻ സ്ഥാപിച്ചത്.