വർക്കല: കിളിമാനൂർ സ്വദേശിയായ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി നാലുവർഷത്തിനുശേഷം പിടിയിലായി. വർക്കല ചിലക്കൂർ ചുമടുതാങ്ങി മുക്കിന് സമീപം സുമയ്യ വില്ലയിൽ സിയാഉൽ ഹഖ് (39)ആണ് അറസ്റ്റിലായത്. വിദേശത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ പൊലീസ് നേരത്തേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്ന നടപടികളിലേക്ക് കടക്കുന്ന അവസരത്തിലാണ് അറസ്റ്റ്. 16കാരിയെ സ്കൂളിൽ കൊണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്.
പെൺകുട്ടിയുടെ സ്വർണാഭരണങ്ങൾ ഭീഷണിപ്പെടുത്തി ഇയാൾ കൈക്കലാക്കുകയും ചെയ്തു. പ്രതിയെ തിരുവനന്തപുരം പോക്സോ കോടതിയിൽ ഹാജരാക്കി. വർക്കല എസ്.എച്ച്.ഒ എസ്. സനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.