ഏപ്രില്‍ മുതല്‍ റേഷന്‍ കടയില്‍ പോഷകസമ്പുഷ്ട അരി

തിരുവനന്തപുരം : റേഷന്‍ കടകളിലൂടെ നിര്‍ബന്ധമായും പോഷകസമ്പുഷ്ട അരി നല്‍കുന്നതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ആരോഗ്യ വകുപ്പ് പഠനം നടത്തും. ഏപ്രില്‍ മുതല്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പോഷകസമ്പുഷ്ട അരി (ഫോര്‍ട്ടിഫൈഡ് റൈസ്) നല്‍കണമെന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച സാഹചര്യത്തില്‍ ജനങ്ങളില്‍ ഉണ്ടാകാവുന്ന ആശങ്ക അകറ്റാനാണ് പഠനം. ഇക്കാര്യം അഭ്യര്‍ഥിച്ച് ആരോഗ്യ വകുപ്പിനു ഭക്ഷ്യപൊതുവിതരണ വകുപ്പ് കത്തു നല്‍കി. 

   കേരളത്തിലെ കര്‍ഷകരില്‍നിന്നു സപ്ലൈകോ വഴി സംഭരിച്ചു റേഷന്‍ കടകളില്‍ വിതരണത്തിന് എത്തുന്ന മട്ട അരി പോഷകസമ്പുഷ്ടമാണെന്നു വ്യക്തമാക്കുന്ന ലാബ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ സഹിതം കേന്ദ്രത്തിനു കൈമാറിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. 

    സിക്കിള്‍ സെല്‍ അനീമിയ (അരിവാള്‍ രോഗം), തലാസീമിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് രക്തത്തില്‍ ഇരുമ്പിന്റെ അളവ് കൂടുതലായതിനാല്‍ പോഷക സമ്പുഷ്ട അരി വഴി ഇരുമ്പിന്റെ ആധിക്യം ഉണ്ടാകുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന വിമര്‍ശനങ്ങളാണു യോഗം വിളിക്കാന്‍ കാരണം. അതേസമയം, നിലവില്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി, സംയോജിത ശിശുവികസന പദ്ധതി എന്നിവയ്ക്ക് പോഷകസമ്പുഷ്ട അരിയാണു സംസ്ഥാനത്തു വിതരണം ചെയ്യുന്നത്. 

    ഈ അരി വിതരണം ചെയ്തില്ലെങ്കില്‍ കേന്ദ്രത്തില്‍നിന്നു സബ്‌സിഡി ഇനത്തില്‍ അരി ലഭിക്കില്ലെന്ന വ്യവസ്ഥ കേരളത്തെ ആശങ്കയിലാക്കുന്നുണ്ട്. കൂടുതല്‍ ആവശ്യമുള്ള പുഴുക്കലരി കുറച്ച് പകരം പച്ചരി കഴിഞ്ഞ മാസങ്ങളിലായി കേന്ദ്രം നല്‍കുന്നത് സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമാണോ എന്നും സംശയിക്കുന്നു. മില്ലുകളിലും വേണം സൗകര്യം. 

      കേരളത്തില്‍ നെല്ലു സംഭരിച്ച് അരിയാക്കി മാറ്റുന്ന മില്ലുകളിലും ഇതിനു സൗകര്യങ്ങള്‍ ഒരുക്കേണ്ടി വരും. കാരണം പ്രതിവര്‍ഷം ഇങ്ങനെ കിട്ടുന്ന ഏകദേശം 5 ലക്ഷം ടണ്‍ അരിയും കേന്ദ്ര പൂളില്‍ ഉള്‍പ്പെടുത്തി റേഷന്‍ കടകളിലേക്കു വിതരണം ചെയ്യുകയാണ്. ഇരുമ്പ്, ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി12 എന്നിവ ചേര്‍ത്ത് അരിമണി രൂപത്തിലാക്കി 1:100 അനുപാതത്തില്‍ സാധാരണ അരിയില്‍ ചേര്‍ക്കുന്നതാണ് പോഷകസമ്പുഷ്ട അരി

   ഇതു കൂടാതെ റേഷന്‍ നല്‍കാന്‍ കേന്ദ്രത്തില്‍നിന്നു നേരിട്ട് പ്രതിവര്‍ഷം ഏകദേശം 9 ലക്ഷം ടണ്‍ അരി ലഭിക്കുന്നു.