വിദ്യാലയങ്ങളിൽനിന്നു വിനോദയാത്രയ്ക്കു പോകുന്ന വാഹനങ്ങൾ ഒരാഴ്ചയ്ക്കു മുമ്പേ പരിശോധനയ്ക്കു ഹാജരാക്കാമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. നിലവിൽ യാത്ര പുറപ്പെടുന്നതിനു മുമ്പാണ് പരിശോധന നടത്തേണ്ടിയിരുന്നത്. ഇത് വാഹന ഉടമകൾക്കും ടൂർ ഓപ്പറേറ്റർമാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്നാണ് ഇളവ് അനുവദിച്ചത്.
പരിശോധനാ റിപ്പോർട്ട് വാഹനത്തിൽ സൂക്ഷിക്കണം. യാത്രാമധ്യേ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഹാജരാക്കണം. വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽ ഒമ്പതുപേർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കിയത്. വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്ന ബസുകളിൽ അനധികൃത ശബ്ദവെളിച്ച സംവിധാനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് പരിശോധന.