ബിച്ചു തിരുമലയുടെ മാധുര്യമുള്ള പാട്ടോര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്

കാവ്യഭംഗി നിറഞ്ഞ ഗാനങ്ങളിലൂടെ മലയാളി മനസില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കവിയാണ് ബിച്ചു തിരുമല. ബിച്ചു തിരുമലയുടെ മാധുര്യമുള്ള പാട്ടോര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ് തികയുകയാണ്. കവിതയുടെ വഴിയിലുള്ള പാട്ടുകള്‍ നെഞ്ചില്‍ ചേര്‍ത്തുെവെക്കുന്നവര്‍ക്കായി എന്നും ഓര്‍മിക്കാവുന്ന നിരവധി പാട്ടുകള്‍ സമ്മാനിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല. 1942 ഫെബ്രുവരി 13ന് ചേര്‍ത്തല അയ്യനാട്ടുവീട്ടില്‍ സി.ജി ഭാസ്‌കരന്‍ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരന്‍ നായരുടെ ജനനം. മുത്തച്ഛന്‍ വിദ്വാന്‍ ഗോപാലപിള്ളയാണ് ബിച്ചു എന്ന് വിളിച്ചുതുടങ്ങിയത്. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ ബിച്ചു തിരുമലയായി. ഗായികയായ സഹോദരിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനായി കവിതകളെഴുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം.സംഗീത സംവിധായകന്‍ ശ്യാമിനുവേണ്ടിയാണ് ബിച്ചു തിരുമല ഏറ്റവുമധികം പാട്ടുകള്‍ എഴുതിയത്. ഇളയരാജ, എ.ടി ഉമ്മര്‍, ജെറി അമല്‍ദേവ്, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍ മാസ്റ്റര്‍, രവീന്ദ്രന്‍, ഔസേപ്പച്ചന്‍ തുടങ്ങിയ ഒട്ടുമിക്ക സംഗീതസംവിധായകര്‍ക്കൊപ്പവും നിരവധി ഗാനങ്ങള്‍ ചെയ്തു.എ.ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീതം നല്‍കിയ ഏക സിനിമയായ ‘യോദ്ധ’യിലെ വരികളെഴുതിയതും ബിച്ചുവാണ്. 1970കളില്‍ തുടങ്ങി മൂന്ന് പതിറ്റാണ്ടോളം മലയാള സിനിമാ ഗാന ലോകത്ത് നിറഞ്ഞു നിന്ന ബിച്ചുവിന്റെ വിയോഗം തീരാനഷ്ടമാണെങ്കിലും ജീവന്‍ തുളമ്പുന്ന ഒരുപിടി പാട്ടുകളിലൂടെ ഇന്നും അദ്ദേഹം ജീവിക്കുന്നു.