കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ ഭാഗമായ കഴക്കൂട്ടം മേൽപ്പാലം തുറക്കുന്നത് വൈകും. മഴകാരണം അവസാനഘട്ട നിർമാണപ്രവർത്തനങ്ങൾ വൈകിയതാണ് കാരണമെന്നാണ് ദേശീയപാത അധികൃതർ നൽകുന്ന സൂചന. കേരളത്തിലെ ഏറ്റവും വലിയ നാലുവരി മേൽപ്പാലമാണിത്.
15-ന് മേൽപ്പാലം തുറക്കുമെന്നായിരുന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരത്തെ അറിയിച്ചിരുന്നത്. നിർമാണം പൂർത്തിയാക്കി ഈ മാസം 30-ന് മേൽപ്പാലം തുറക്കുമെന്നാണ് ദേശീയപാതാ അധികൃതർ വിശദീകരിക്കുന്നത്.
2.8 കിലോമീറ്ററാണ് എലിവേറ്റഡ് ഹൈവേയുടെ നീളം. 200 കോടി രൂപയാണ് നിർമാണ ചെലവ്. ആറ്റിൻകുഴിയിൽ തുടങ്ങി കഴക്കൂട്ടം സി.എസ്.ഐ. മിഷൻ ആശുപത്രിക്കു സമീപമാണ് മേൽപ്പാലം അവസാനിക്കുന്നത്. മേൽപ്പാലത്തിലെ ടാറിങ് പൂർത്തിയായി. പാലത്തിലും സർവീസ് റോഡിലും 266 തെരുവുവിളക്കുകൾ സ്ഥാപിച്ചു. 7.5 മീറ്റർ വീതിയിൽ ഇരുവശത്തുമുള്ള സർവീസ് റോഡ് കൂടാതെ പാലത്തിനടിയിൽ 7.75 മീറ്റർ വീതിയിലുള്ള റോഡുമുണ്ട്.
2018 ഡിസംബറിൽ തുടങ്ങിയ നിർമാണം രണ്ടുവർഷം മുമ്പ് പൂർത്തിയാകേണ്ടതായിരുന്നു. കോവിഡും പ്രതികൂല കാലാവസ്ഥയുമാണ് പൂർത്തീകരണം വൈകാൻ കാരണം. കഴക്കൂട്ടം ജങ്‌ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായാണ് ദേശീയപാത അതോറിറ്റി എലിവേറ്റഡ് ഹൈവേ നിർമാണം ആരംഭിച്ചത്.
മേൽപ്പാലത്തിന്റെ 95 ശതമാനത്തോളം നിർമാണവും പൂർത്തിയായി. പാലത്തിന് താഴെയുള്ള റോഡിന്റെ ടാറിങ്, സർവീസ് റോഡുകളുടെ നിർമാണം എന്നിവയാണ് ഇനി തീരാനുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊണ്ട് മേൽപ്പാലം ഉദ്ഘാടനം ചെയ്യിപ്പിക്കാനാണ് ദേശീയപാത അതോറിറ്റി ലക്ഷ്യമിടുന്നത്.
കഴക്കൂട്ടം-കടമ്പാട്ടുകോണം ദേശീയപാത നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ദ്രി നരേന്ദ്രമോദി നിർവഹിക്കുമെന്ന് ദേശീയപാത അതോറിറ്റി പ്രതീക്ഷിച്ചിരുന്നെങ്കിലും അന്നത് നടന്നില്ല. മേൽപ്പാലം തുറക്കുന്നതോടെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിനും ജനങ്ങളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനും പരിഹാരമാകും.