ആറ്റിങ്ങല്‍ : അഞ്ചുതെങ്ങ് മുതലപ്പൊലിയില്‍ മണ്ണ് നീക്കുന്നതിന് ഡ്രഡ്ജര്‍ എത്തുന്നു. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ശാന്തി സാഗര്‍ 14 എന്ന ഡ്രജറാണ് എത്തിച്ചത്. മുതലപ്പൊഴി അഴിമുഖം മുതല്‍ പാലം വരെയുള്ള ഭാഗങ്ങളില്‍ ഡ്രഡ്ജിങ് നടത്താനാണ് തീരുമാനം. ഡിസംബര്‍ ആദ്യവാരത്തോടെ ഹാര്‍ബര്‍ വാര്‍ഫ്് മേഖലകളിലും ഡ്രഡ്ജിങ് നടത്തി തുറമുഖ ചാലിന്റെ ആഴം കൂട്ടി അപകടരഹിതമാക്കുകയാണ് ലക്ഷ്യം.
ഹാര്‍ബറില്‍ മണല്‍ അടിഞ്ഞത് കാരണം അപകടവും മത്സ്യത്തൊഴിലാളികളുടെ മരണവും ഇവിടെ വ്യാപകമായിരുന്നു. തീരവാസികളുടെ ഉപജീവനം പ്രതിസന്ധിയില്‍ ആകുന്ന അവസ്ഥ ഉണ്ടായി. ഇതിനകം 70 ഓളം മത്സ്യത്തൊഴിലാളികള്‍ക്കാണ് ഹാര്‍ബറില്‍ ജീവന്‍ നഷ്ടമായത്. തുടര്‍ച്ചയായ മഴ കാരണമാണ് ഇവിടെ വേഗത്തില്‍ മണല്‍ത്തിട്ട രൂപപ്പെടുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. 6 മീറ്റര്‍ ആഴമാണ് ഇവിടെ ശാസ്ത്രീയമായി നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ വലിയ ബോട്ടുകള്‍ക്ക് പോകാന്‍ ഏഴു മീറ്റര്‍ ആഴം വേണം എന്നാല്‍ മണല്‍ മൂടി അടിഞ്ഞത് കാരണം ആഴം മൂന്നു മീറ്റര്‍ ആയി ചുരുങ്ങി.
ആഴത്തിലും വീതിയിലും ഉള്ള അപര്യാപ്തത ചെറിയൊരു തിരയില്‍ പോലും ബോട്ട് നിയന്ത്രണം വിട്ട് പുലിമൂട്ടില്‍ ഇടിച്ചു തകരുന്നതിനു കാരണമാകുന്നു. 30 മീറ്റര്‍ വരെ വലിപ്പമുള്ള ബോട്ടുകള്‍ ആണ് നിലവില്‍ മുതലപ്പൊഴി ഹാര്‍ബര്‍ കടന്നു പോകേണ്ടത.് പുലിമൂട്ട് അവസാനിക്കുന്നിടത്ത് തിരയുണ്ടാകുന്നതിനാല്‍ ഇതില്‍പ്പെട്ട് ബോട്ടുകള്‍ പാറക്കെട്ടില്‍ വന്നിടിച്ച് തകരുകയാണ. ഹാര്‍ബര്‍ അപകട കെണിയാകാന്‍ തുടങ്ങിയതോടെ പലരും പാരമ്പരാഗത രീതിയില്‍ കടലില്‍ പോകാന്‍ ശ്രമിക്കുന്നു. അതു മറ്റൊരു രീതികളിലുള്ള അപകടങ്ങള്‍ക്കും കാരണമാകുകയാണ് ഈ സാഹചര്യത്തിലാണ് ഡ്രഡ്ജിങ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.ഡ്രഡ്ജിങിലൂടെ ലഭിക്കുന്ന മണല്‍ തീര ശോഷണം നേരിടുന്ന ഭാഗങ്ങളില്‍ നിക്ഷേപിക്കും. മണല്‍ കൊണ്ടുപോകാന്‍ പല ഭാഗത്തുനിന്നും സമ്മര്‍ദ്ദം ഉണ്ടെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധം കാരണം ഇത് സാധിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ മേല്‍ അധികാരികളെ അറിയിച്ചിട്ടുണ്ട്.