ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ അന്നദാനം തുടങ്ങി

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട്അനുബന്ധിച്ച് ദേവസ്വം ബോര്‍ഡിന്റെ സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ സൗജന്യ ഭക്ഷണ വിതരണം ആരംഭിച്ചു. അന്നദാനത്തിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ അയ്യപ്പന്മാര്‍ക്ക് പ്രഭാത ഭക്ഷണം വിളമ്പി നിര്‍വഹിച്ചു. മൂന്നു നേരവും ഇവിടെ നിന്നും ഭക്ഷണം ലഭിക്കും. രാവിലെ ഏഴു മുതല്‍ 11 വരെ ഉപ്പുമാവും, കടലയും, ചുക്ക്കാപ്പിയും 12.30 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നര വരെ പുലാവും സാലഡും അച്ചാറും ഉള്‍പ്പെടുന്ന ഉച്ചഭക്ഷണവും, വൈകുന്നേരം ഏഴു മുതല്‍ കഞ്ഞിയും ലഭിക്കും. ഒരേ സമയം 5000 പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നതാണ് ദേവസ്വം ബോര്‍ഡ് അന്നദാന മണ്ഡപം. നിലവില്‍ ഒരു സ്പെഷ്യല്‍ ഓഫീസര്‍ ഉള്‍പ്പെടെ ഇരുനൂറോളം പേരാണ് ഇവിടെ സേവനം ചെയ്യുന്നത്.
ഉദ്ഘാടന ചടങ്ങില്‍ എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം. തങ്കപ്പന്‍,ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ എം. മനോജ്, ദേവസ്വം സെക്രട്ടറി കെ. ബിജു, എഡിജിപി എം.ആര്‍. അജിത് കുമാര്‍, ശബരിമല പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ആര്‍. അജിത് കുമാര്‍, ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.