റിയാദ്: ലോകകപ്പ് കിരീട ഫേവറിറ്റുകളായ അർജന്റീനയ്‌ക്കെതിരേ അട്ടിമറി വിജയം നേടിയ സഊദി അറേബ്യയിൽ നാളെ പൊതു അവധി. സൂപ്പർ താരം ലയൺ മെസ്സിയുടെ ടീമിനെതിരേ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് നേടിയ വിജയം അടിച്ചുപൊളിച്ച് ആഘോഷിക്കുന്നതിന് വേണ്ടിയാണ് പൊതു ഇവധി പ്രഖ്യാപിച്ചത്. വിജയദിനം ആഘോഷിക്കുന്നതിന് അവധി പ്രഖ്യാപിക്കാനുള്ള കിരീടാവകാശി സൽമാൻ ബിൻ മുഹമ്മദിന്റെ ശുപാർശ ഭരണാധികാരി സൽമാൻ രാജാവ് അംഗീകരിക്കുകയായിരുന്നു. ഇതുപ്രകാരം എല്ലാ പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും..ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ തേരോട്ടം കാണാൻ കാത്തുകാത്തിരുന്ന ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തിയാണ് ഇന്ന് വൈകീട്ട് നടന്ന മത്സരത്തിൽ സഊദി വിജയിച്ചത്. ആദ്യ പകുതിയിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിൽ പിന്നിലായിരുന്ന സൗദി, രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. തുടർന്നങ്ങോട്ട് അർജന്റീനയുടെ അലകടലായുള്ള ആക്രമണങ്ങളെ കൂട്ടത്തോടെ പ്രതിരോധിച്ചും സൗദി വിജയം പിടിച്ചുവാങ്ങുകയായിരുന്നു.സാല അൽ ഷെഹ്‌റി (48), സാലെം അൽ ഡവ്‌സാരി (53) എന്നിവരാണ് സൗദിക്കായി ഗോൾ നേടിയത്. ആദ്യ പകുതിയുടെ 10–ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സി പെനൽറ്റിയിൽനിന്നാണ് അർജന്റീനയുടെ ഗോൾ നേടിയത്.