കടയ്ക്കാവൂരില്‍ ഗൃഹനാഥനെ വെട്ടിപ്പരുക്കേൽപിച്ച കേസ് : പ്രതികൾ പിടിയിൽ

ചിറയിന്‍കീഴ് കടയ്ക്കാവൂരില്‍ ഗൃഹനാഥനെ പകല്‍സമയം വീട്ടില്‍ കടന്നുകയറി മാരകമായി വെട്ടിപ്പരുക്കേല്‍പ്പിച്ചശേഷം ഒളിവില്‍ പോയ അക്രമിസംഘത്തില്‍പെട്ട രണ്ടു പ്രതികള്‍ പൊലീസ് പിടിയില്‍. ചിറയിന്‍കീഴ് പൂത്തുറ ശിങ്കാരത്തോപ്പ് തരിശുപറമ്പ് പള്ളിപ്പുരയിടം വീട്ടില്‍ പ്രിന്‍സ്(38),കടയ്ക്കാവൂര്‍ തെക്കുംഭാഗം തെറ്റിമൂല ജീസസ് ഭവനില്‍ ഫ്രെഡി എന്നു വിളിപ്പേരുള്ള മാര്‍ട്ടിന്‍(38) എന്നിവരെയാണു കടയ്ക്കാവൂര്‍ പൊലീസ് എസ്എച്ച്ഒ വി.അജേഷ്, എസ്‌ഐ എസ്.എസ്.ദീപു, എഎസ്‌ഐ ശ്രീകുമാര്‍,സിപിഒമാരായ ഡാനി,സജു,സിയാദ് എന്നിവരടങ്ങുന്ന പൊലീസ് സംഘം അറസ്റ്റുചെയ്തത്. പ്രതികള്‍ എത്തിയ ബൈക്കും അക്രമത്തിനുപയോഗിച്ച ഇരുമ്പുപൈപ്പുകളും വെട്ടുകത്തിയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

  കടയ്ക്കാവൂര്‍ തെക്കുംഭാഗം തെറ്റിമൂല സ്‌ക്കൈലാന്‍ഡില്‍ താമസിക്കുന്ന അലക്‌സാണ്ടറെ(55)യാണു രണ്ടംഗ അക്രമിസംഘം ഇക്കഴിഞ്ഞ 27നു രാവിലെ 11മണിയോടെ വീട്ടില്‍ അതിക്രമിച്ചു കയറി ഇരുമ്പുപൈപ്പും വെട്ടുകത്തിയുമുപയോഗിച്ചു മാരകമായി വെട്ടിയും അടിച്ചും പരുക്കേല്‍പ്പിച്ചുകടന്നത്. അക്രമികളെത്തുമ്പോള്‍ അലക്‌സാണ്ടര്‍ വീട്ടിലെ ഹാളില്‍ ഇരിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഭാര്യ,മകള്‍ മറ്റുബന്ധുക്കള്‍ എന്നിവരെ ആയുധങ്ങള്‍കാട്ടി ഭീഷണിപ്പെടുത്തുകയും ഭീതിപരത്തിയശേഷം അക്രമം അഴിച്ചുവിടുകയുമായിരുന്നു. പേടിച്ചവശരായ വീട്ടുകാര്‍ അക്രമികള്‍ വീട്ടില്‍ നിന്നുപോയെന്നുറപ്പാക്കിയശേഷമാണു മുറിക്കുപുറത്തിറങ്ങിയത്. രക്തത്തില്‍കുളിച്ചു അവശനിലയില്‍ ഹാളില്‍ കിടന്ന ഗൃഹനാഥനെ ബന്ധുക്കളുടെ കൂട്ടനിലവിളിയെത്തുടര്‍ന്നു സ്ഥലത്തെത്തിയ പരിസരവാസികളാണു ആശുപത്രിയിലെത്തിച്ചത്.

   തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അലക്‌സാണ്ടറുടെ സ്ഥിതി സാധാരണനിലയിലായിട്ടില്ല. കടയ്ക്കാവൂര്‍അഞ്ചുതെങ്ങ് ബീച്ച്‌റോഡില്‍ മദ്യപിച്ചശേഷം പരസ്യമായി നാട്ടുകാര്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തുകയായിരുന്ന പ്രതികളെ വിലക്കിയതാണു വീടുകയറിയുള്ള അക്രമത്തില്‍ കലാശിച്ചതെന്നു പൊലീസ് അറിയിച്ചു. വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.