നേമത്ത് യുവാവിനു നേരെ വധശ്രമം: പ്രതികള്‍ പൊലീസ് പിടിയില്‍

നേമം : വീടിന് സമീപമിരുന്ന് മദ്യപിച്ചത് വിലക്കിയതിന് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നേമം പൊന്നുമംഗലം സ്‌കൂളിന് സമീപം ലേഖ ഭവനില്‍ ശരത് കുമാര്‍(21), മേലാംകോട് അമ്പലക്കുന്ന് ഇടഗ്രാമം രശ്മി ഭവനില്‍ അഭിജിത്ത്(19) എന്നിവരെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. മേലാംകോട് സ്വദേശിയായ അഖിലിനെ കഴിഞ്ഞ മാസം 16ന് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. സംഭവത്തില്‍ പരുക്കേറ്റ അഖിലിനെ നേമം താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചപ്പോള്‍ സംഘം അവിടെ എത്തിയും ആക്രമിച്ചിരുന്നു. ഒരു ബൈക്ക് മോഷണ ക്കേസില്‍ ശരത് നേരത്തെ അറസ്റ്റിലായിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ നേമം പൊലീസ് ഇന്‍സ്‌പെക്ടര്‍ രഗീഷ് കുമാര്‍, എസ്‌ഐമാരായ വിപിന്‍ പ്രസാദ്, രാജേഷ്, എഎസ്‌ഐ ശ്രീകുമാര്‍, സിപിഒമാരായ പ്രവീണ്‍, ഗിരി, രാജശേഖരന്‍, ബിനു, ചന്ദ്രശേഖരന്‍ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.