*ശബരിമലയിൽ ദർശനസമയം വർദ്ധിപ്പിച്ചു*

ശബരിമല: തീർത്ഥാടന കാലത്ത് തിരക്ക് വർദ്ധിച്ചതിനാൽ, ദർശനത്തിനുള്ള സമയം വീണ്ടും വർദ്ധിപ്പിച്ചു.

ഇന്നു മുതൽ ഉച്ചയ്ക്കു ശേഷം വൈകുന്നേരം മൂന്നിന് തിരുനട തുറക്കും. ഇന്നലെ വരെ ഇത് വൈകിട്ട് നാലിനായിരുന്നു.

നേരത്തേ രാവിലത്തെ ദർശന സമയവും രണ്ട് മണിക്കൂർ വർദ്ധിപ്പിച്ചിരുന്നു. പുലർച്ചെ അഞ്ച് മണിയെന്നത് പുലർച്ചെ മൂന്ന് മണിയാക്കി മാറ്റുകയായിരുന്നു. 
ക്യൂ നിയന്ത്രണത്തിനും ഭക്തരുടെ സമയ നഷ്ടം ഒഴിവാക്കുന്നതിനും ഫലപ്രദമായ നടപടിയായിട്ടുണ്ട് ഈ തീരുമാനം. ഭക്തജനത്തിരക്ക് വീണ്ടും വർദ്ധിച്ച സാഹചര്യത്തിലാണ് ഉച്ചയ്ക്ക് ശേഷവും ഒരു മണിക്കൂർ കൂടുതൽ സമയം അയ്യപ്പദർശനത്തിന് അനുവദിച്ചത്. 
നിലവിൽ പുലർച്ചെ മൂന്ന് മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ രാത്രി 11 വരെയും ഭക്തർക്ക് അയ്യപ്പ ദർശനത്തിന് അവസരമുണ്ട്.

നെയ്തേങ്ങയ്ക്ക് വിമാനത്തിലുണ്ടായിരുന്ന 'വിലക്ക്' നീക്കി.

ശബരിമല തീർത്ഥാടകർക്ക്, നെയ്തേങ്ങയുമായി വിമാനത്തിൽ യാത്ര  ചെയ്യുന്നതിനുണ്ടായിരുന്ന വിലക്ക് നീക്കി. ശബരിമല മകരവിളക്ക് കഴിയുന്നതു വരെയാണ് നിയന്ത്രണം നീക്കി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ഉത്തരവിറക്കിയത്.  നേരത്തെ, ഇത്തരത്തിൽ ഇരുമുടിക്കെട്ടിൽ നെയ്തേങ്ങയുമായി വിമാനത്തിൽ കയറാനുള്ള അനുമതി ഉണ്ടായിരുന്നില്ല. സുരക്ഷാ കാരണങ്ങളെ തുടർന്നായിരുന്നു ഇത് .