അഗ്നിവീർ റിക്രൂട്മെന്റ് റാലി നാളെയും മറ്റന്നാളും തിരുവനന്തപുരം ജില്ലക്കാർക്ക് . 21നു തിരുവനന്തപുരം (3690), 22നു തിരുവനന്തപുരം (1503), ആലപ്പുഴ (2013) ജില്ലകളിലെ ഉദ്യോഗാർഥികൾ പങ്കെടുക്കും. 23നും 24നും അഗ്നിവീർ ട്രേഡ്സ്മെൻ വിഭാഗത്തിലേക്ക് എല്ലാ ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗാർഥികൾ പങ്കെടുക്കും. അഗ്നിപഥ് റിക്രൂട്മെന്റ് റാലിയിൽ ശാരീരിക ക്ഷമത പരിശോധന, വൈദ്യപരിശോധന എന്നിവയിൽ വിജയിക്കുന്നവർക്ക് 2023 ജനുവരി 15ന് എഴുത്തു പരീക്ഷ (പൊതുപ്രവേശന പരീക്ഷ) നടത്തും. ഇതിനു ഉദ്യോഗാർഥികൾക്കു പുതിയ അഡ്മിറ്റ് കാർഡ് നൽകും. പൊതു പ്രവേശന പരീക്ഷ വിജയിച്ച് മെറിറ്റിൽ യോഗ്യത നേടുന്ന ഉദ്യോഗാർഥികളെ പരിശീലനത്തിനായി ആർമിയുടെ നിയുക്ത പരിശീലന കേന്ദ്രങ്ങളിലേക്ക് അയയ്ക്കും.
∙ അഗ്നിപഥ് റാലി കൂടാതെ, 26 മുതൽ 29 വരെ സോൾജിയർ ടെക്‌നിക്കൽ നഴ്‌സിങ് അസിസ്റ്റന്റ് – നഴ്‌സിങ് അസിസ്റ്റന്റ് വെറ്ററിനറി, ജൂനിയർ കമ്മിഷൻഡ് ഓഫിസർ (മത അധ്യാപകൻ) വിഭാഗങ്ങളിലേക്കുള്ള ആർമി റിക്രൂട്മെന്റ് റാലിയും ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കാണ് ആർമി റിക്രൂട്മെന്റ് റാലി. റാലിയുടെ അവസാന ശാരീരികക്ഷമതാ പരിശോധന നവംബർ 28 നും അവസാന വൈദ്യ പരിശോധന നവംബർ 29 നും നടക്കും.
കൂടുതൽ പേർ എത്തുന്നത് കൊല്ലത്തുനിന്ന്
കൊല്ലം∙തെക്കൻ കേരളത്തിലെ 7 ജില്ലകളിലെ ഉദ്യോഗാർഥികൾക്കു ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ നടത്തുന്ന അഗ്നിവീർ റാലിയിൽ കൂടുതൽ പങ്കാളിത്തം കൊല്ലം ജില്ലയിൽ നിന്ന്. ഇടുക്കിയാണ് പിന്നിൽ. ട്രേഡ്സ്മെൻ ഒഴികെയുള്ള വിഭാഗങ്ങളിൽ കൊല്ലം ജില്ലയിൽ നിന്നു 6389 പേരാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ടാം സ്ഥാനം തിരുവനന്തപുരം ആണ്–5193. ഇടുക്കിയിൽ നിന്ന് 443 പേർ. എറണാകുളം– 670. ആലപ്പുഴ–3510, പത്തനംതിട്ട– 1488, കോട്ടയം–1097.
ഏജന്റുമാരുടെ തട്ടിപ്പിൽ കുടുങ്ങരുതെന്ന് സൈന്യം
റിക്രൂട്മെന്റ് റാലിയുടെ ഏജന്റ് ചമഞ്ഞ് ആരെങ്കിലും സമീപിച്ചാൽ അവരുടെ തട്ടിപ്പിന് ഇരയാകരുതെന്നു സൈന്യത്തിന്റെ മുന്നറിയിപ്പ്. കരസേനയിലെ റിക്രൂട്മെന്റിന്റെ മുഴുവൻ പ്രക്രിയയും സ്വതന്ത്രവും ന്യായവും സുതാര്യവുമായാണ് നടക്കുന്നത്. റിക്രൂട്മെന്റ് റാലിക്ക് ജില്ലാ ഭരണകൂടം പൂർണ സഹകരണം നൽകുന്നതായി സൈന്യം അറിയിച്ചു.