കൊച്ചി : തൃക്കാക്കരയിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ കേസിൽ മൂന്നാം പ്രതി ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ആർ.സുനു ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിനു മുൻപാകെ ഹാജരായി. പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്താൻ മതിയായ തെളിവുകളില്ലാത്തതിനാലാണ് ഇന്നലെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചതെന്ന് എറണാകുളം സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അറിയിച്ചിരുന്നു. മൊഴിയിൽ ചില വൈരുധ്യങ്ങൾ ഉള്ളതിനാലാണ് അറസ്റ്റു ചെയ്യാതിരുന്നത് എന്നാണ് വിശദീകരണം
പത്തു പേർ പ്രതികളായ കേസിൽ പരാതിക്കാരി അഞ്ചു പേരെ ഇതിനകം തിരിച്ചറിഞ്ഞെങ്കിലും ബാക്കി അഞ്ചു പേരെ തിരിച്ചറിഞ്ഞില്ലെന്നു പറയുന്നു. വ്യക്തമായ അന്വേഷണത്തിനു ശേഷം മാത്രമേ അറസ്റ്റു വേണോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്നാണ് അറിയിപ്പ്. കേസുകളിലെ നടപടികളെക്കുറിച്ചുള്ള ചോദ്യത്തിന്, വിശദാംശങ്ങൾ ശേഖരിച്ചു വരുന്നു എന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ നൽകിയ മറുപടി.പ്രതിയെ അറസ്റ്റു ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ വകുപ്പുതല നടപടികളിലേക്കു കടക്കൂ എന്നും ഉദ്യോഗസ്ഥർ പറയുന്നു. പരാതിക്കാരി നൽകിയ രണ്ടു മൊഴികളിൽ പ്രകടമായ വൈരുധ്യമുണ്ടെന്നു കഴിഞ്ഞ ദിവസം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവർ പറയുന്ന തീയതികളിൽ ഇരുവരും വ്യത്യസ്ത ടെലിഫോൺ ടവർ ലൊക്കേഷനുകളിലായിരുന്നു എന്നും പറയുന്നു. കൃത്യമായ സാഹചര്യ തെളിവുകൾ ലഭിക്കാത്തതിനാലാണ് അറസ്റ്റ് രേഖപ്പെടുത്താത്തതെന്ന് പൊലീസ് പറയുന്നു.അതേസമയം, പ്രതിയായ പൊലീസുകാരനെ കസ്റ്റഡിയിലെടുത്ത രീതിയിൽ പൊലീസുകാർക്കിടയിൽ മുറുമുറുപ്പ് രൂക്ഷമാണ്. പൊലീസിന്റെ വാട്സാപ് ഗ്രൂപ്പുകളിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വിമർശനങ്ങൾ പ്രത്യക്ഷപ്പെട്ടു. ജോലിക്കിടയിൽ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കാൻ മേലുദ്യോഗസ്ഥൻ വിളിച്ചു വരുത്തിയാൽ മതിയെന്നിരിക്കെ, പൊലീസ് സ്റ്റേഷനിൽ കയറി പിടികൂടിയതിനെതിരെയാണ് വിമർശനം. സുനുവിന്റെ പശ്ചാത്തലം ശരിയല്ലാത്ത സാഹചര്യത്തിൽ പ്രതി ഒരു കാരണവശാലും രക്ഷപ്പെടാതിരിക്കാനാണ് ഇത്തരത്തിൽ കസ്റ്റഡിയിലെടുത്തത് എന്നാണ് വിശദീകരണം.
പൊലീസിനെക്കുറിച്ച് ഭരണമുന്നണിക്കുള്ളിൽതന്നെ വിമർശനങ്ങൾ ഉയരുകയും, പല കേസുകളിലെയും പ്രതികളായ പൊലീസുകാർ പിടികൊടുക്കാതെ മുങ്ങുകയും ചെയ്ത സാഹചര്യമുള്ളതിനാലാണ് ഡ്യൂട്ടിക്കിടെ കസ്റ്റഡിയിൽ എടുത്തതെന്ന് അന്വേഷണ സംഘം പറയുന്നു. ചേരാനല്ലൂർ സ്വദേശിനിയായ 22 വയസ്സുകാരി എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജുവിനു നൽകിയ പരാതിയിലായിരുന്നു പൊലീസ് നടപടി.ഇവരുടെ വീട്ടുവേലക്കാരി ഉൾപ്പെടെ 10 പേരാണ് കേസിലെ പ്രതികൾ. കേസുമായി ബന്ധപ്പെട്ട് നിർണ്ണായകമായ ചില വിവരങ്ങൾ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷണ സംഘത്തിനു നൽകിയതോടെയാണ് അറസ്റ്റിൽനിന്നു പിൻമാറിയത് എന്നാണ് വിവരം.