ഹാമിൽട്ടൻ • മഴ വില്ലനായതോടെ ഇന്ത്യ–ന്യൂസീലൻഡ‍് രണ്ടാം ഏകദിനം ഉപേക്ഷിച്ചു. 4.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 22 റൺസ് എന്ന നിലയിൽ നിൽക്കുമ്പോൾ മഴ എത്തിയതോടെ മത്സരം 29 ഓവറാക്കി ചുരുക്കിയിരുന്നു. ഇന്ത്യ 12.5 ഓവറിൽ 89 റൺസിന് ഒരു വിക്കറ്റ് എന്നനിലയിൽ ആയിരിക്കെ രണ്ടാമതും മഴ കളി മുടക്കിയതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിന് ഇറങ്ങിയത്. സഞ്ജു സാംസൺ, ഷാർദുൽ ഠാക്കൂർ എന്നിവർക്കു പകരം ദീപക് ഹൂഡ, ദീപക് ചാഹർ എന്നിവർ ടീമിലെത്തി. ന്യൂസീലൻഡ‍് ടീമിൽ ഒരു മാറ്റമുണ്ട്. ആദം മിൽനെയ്ക്കു പകരം മൈക്കൽ ബ്രേസ്‌വെൽ ആണ് പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചത്. സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻരോഷമാണ് ഉയർന്നത്. മുൻഇന്ത്യൻ താരങ്ങളും തീരുമാനത്തെ ചോദ്യം ചെയ്‌ത് രംഗത്തെത്തി.