ചത്ത പോത്തുകളെ ജനവാസ മേഖലയിൽ തള്ളി: ദുർഗന്ധംകൊണ്ട് വീർപ്പുമുട്ടി നാട്ടുകാർ

കല്ലറ : ജനവാസ മേഖലയിൽ ചത്ത പോത്തുകളെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ. ആറളം പഞ്ചായത്തിലെ കല്ലറ – വീർപ്പാട് റോഡരികിലാണ് 2 ചത്ത പോത്തുകളെ വഴിയിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് നിന്ന് ദുർഗന്ധം ഉയർന്നതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് ടാർ റോഡിനോട് ചേർന്നു വെട്ടിക്കാട്ട് മാത്യുവിന്റെ കൃഷിയിടത്തിൽ പോത്തുകളുടെ ജഡം കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി വാഹനത്തിൽ കൊണ്ടുവന്ന് തള്ളിയതാണെന്നാണ് സംശയം. പ്രദേശത്ത് രാത്രി നായകളുടെ കുര കേട്ടതായി സമീപവാസികൾ പറഞ്ഞു. ജഡങ്ങൾ ഏതാനും ദിവസത്തെ പഴക്കം ഉള്ളവയാണ്. വാഹനത്തിലും മറ്റും പോത്തുകളെ ഇറക്കി നൽകി കച്ചവടം നടത്തുന്നവരെയും അറവു മാലിന്യങ്ങൾ ശേഖരിച്ചു തള്ളുന്ന സംഘങ്ങളെയും കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.കച്ചവടത്തിന് എത്തിച്ച കൂട്ടത്തിൽ ചത്ത പോത്തുകളെ ഗതാഗത തിരക്ക് കുറഞ്ഞ വഴിയിൽ കൊണ്ടു വന്നു തള്ളുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ സംശയം. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, അംഗങ്ങളായ ജെസ്സി ഉമ്മിക്കുഴി, ഫ്രാൻസിസ് കുറ്റിക്കാട്ടിൽ എന്നിവരും ആറളം പൊലീസും സ്ഥലത്ത് എത്തി. പോത്തുകളുടെ ജഡം കണ്ടെത്തിയതിനു സമീപം തന്നെ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കുഴി എടുത്ത് ഇവയെ സംസ്കരിച്ചു.
ഗുരുതര ആരോഗ്യ പ്രശ്നവും പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാക്കുന്ന വിധം ചത്ത പോത്തുകളെ തള്ളിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം.