തിരുവനന്തപുരം: ഉള്‍ക്കടലിലെ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കണമെന്നും ആഴക്കടല്‍ മത്സ്യബന്ധനം കുത്തകകള്‍ക്ക് തീറെഴുതാതെ സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെത്തന്നെ ഇതിന് സജ്ജരാക്കുമെന്നും മന്ത്രി വി. അബ്ദുറഹിമാന്‍.
ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യോത്സവം-2022 മെഗാ മേള തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യബന്ധന മേഖലയില്‍ പല സംസ്ഥാനങ്ങളും പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് കേരളത്തിനും ഈ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുപോകണം. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്തി കൂടുതല്‍ മത്സ്യസമ്പത്ത് ഉല്‍പാദിപ്പിക്കുന്നതോടുകൂടി മത്സ്യസമ്പത്ത് ശക്തിപ്പെടും.
സെമിനാറുകള്‍, ബിസിനസ് മീറ്റുകള്‍, മത്സ്യത്തൊഴിലാളി സംഗമങ്ങള്‍, മത്സ്യ കര്‍ഷകരുടെ സംഗമം, മത്സ്യത്തൊഴിലാളി വനിതാകൂട്ടായ്മ, കുട്ടികള്‍ക്കായി കിഡ്‌സ് ഗാല എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ദിവസവും വൈകീട്ട് കലാപരിപാടികളുമുണ്ട്. വിവിധ വകുപ്പുകള്‍, കേന്ദ്ര വകുപ്പുകള്‍, ഏജന്‍സികള്‍, സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ഇന്ത്യന്‍ നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടേതുള്‍പ്പെടെ നൂറോളം സ്റ്റാളുകള്‍ മേളയിലുണ്ട്. അലങ്കാരമത്സ്യ പ്രദര്‍ശനം, വില്‍പന, മത്സ്യകൃഷി ഉപകരണങ്ങളുടെ വില്‍പന, അക്വാ ടൂറിസം, മത്സ്യകൃഷി മോഡലുകള്‍, ടൂറിസം മത്സ്യ കൃഷി ഉപകരണങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. മേള 21ന് സമാപിക്കും