നെടുമങ്ങാട്: യോദ്ധാവ് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് പൊലീസും ആന്റി നാര്‍കോട്ടിക് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചു. പനവൂര്‍, ചുള്ളിമാനൂര്‍ മേഖലയില്‍ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിവന്ന കരിക്കുഴി നീലിമാവിലാസം, ഉണ്ണികൃഷ്ണന്റെ (57) ആട്ടുകാല്‍ ജങ്ഷനിലെ നീലിമ സ്റ്റോറില്‍ നിന്നുമാണ് 300 പാക്കറ്റ് ഉല്‍പന്നങ്ങള്‍ പിടിച്ചത്.
മുമ്പ് പല തവണ ഈ കടയില്‍ നിന്ന് നെടുമങ്ങാട് പൊലീസും എക്‌സൈസും പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി കേസെടുത്തിട്ടും വില്‍പന തുടര്‍ന്ന സാഹചര്യത്തില്‍ കടയുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നെടുമങ്ങാട് പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. സതീഷ് കുമാര്‍ അറിയിച്ചു.