*ഓട്ടിസം എന്ന വെല്ലുവിളിയെ സർഗാത്മകതകൊണ്ടു മറികടക്കുകയാണ് പതിന്നാലുകാരനായ . നയൻ ; ആറ്റിങ്ങലിലെ അത്ഭുതബാലൻ*

.കഥ, കവിത, തത്ത്വചിന്ത, ബഹുഭാഷാ പരിചയം തുടങ്ങിയ നയന്റെ അദ്‌ഭുതശേഷിയെ സംസ്ഥാന സർക്കാരും പുരസ്കാരത്തിലൂടെ അംഗീകരിച്ചിരിക്കുകയാണ്. 

ഭിന്നശേഷി വിഭാഗത്തിൽ സർഗാത്മകതയ്ക്കുള്ള പുരസ്കാരത്തിനാണ് നയൻ അർഹനായത്.

ദേശീയവും അന്തർദ്ദേശീയവുമായ അനവധി അംഗീകാരങ്ങൾ ഇതിനോടകം നയനെത്തേടിയെത്തിയിട്ടുണ്ട്.

കൊട്ടാരക്കര പുത്തൂർ സ്വദേശിയും ബിസിനസുകാരനുമായ സി.കെ.ശ്യാമിന്റെയും വീട്ടമ്മയായ പ്രിയങ്കയുടെയും ഇളയ മകനാണ് നയൻ.

നയന്റെ പഠനത്തിനും പരിശീലനങ്ങൾക്കും വേണ്ടി വർഷങ്ങൾക്കു മുൻപ്‌ ഈ കുടുംബം ആറ്റിങ്ങലിലേക്കു താമസം മാറി.

ആറ്റിങ്ങൽ മൂഴിയിൽ ഐറിസ് വില്ലയിലാണ് ഇപ്പോൾ താമസിക്കുന്നത്. ആറ്റിങ്ങൽ ഗവ. ബി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ്‌ വിദ്യാർഥിയാണ് നയൻ .


തോന്നയ്ക്കൽ സായിഗ്രാമത്തിലെ ‘സായിസ്പർശ്’ ഓട്ടിസം സ്കൂളിലും പരിശീലനം നടത്തുന്നുണ്ട്.

സംസാരിക്കാനോ എഴുതാനോ നയനു കഴിയില്ല. പക്ഷേ, ലാപ്‌ടോപ്പും മൊബൈൽഫോണും ഉപയോഗിക്കും. ഇതിലൂടെ ആശയവിനിമയം നടത്തും. കഥ, കവിത, റിപ്പോർട്ടുകൾ, തത്ത്വചിന്ത എന്നിവയടങ്ങിയ ‘ജേർണി ഓഫ് സോൾ’ എന്ന സമാഹാരവും വിവിധ വിഷയങ്ങളെക്കുറിച്ചും ലോകത്തിലെ വിശേഷ വ്യക്തിത്വങ്ങളെക്കുറിച്ചും ചോദ്യോത്തരരൂപത്തിലുള്ള ‘ടു ഫൈൻ യൂണിവേഴ്‌സ്’ എന്ന ഗ്രന്ഥവും നയൻ രചിച്ചിട്ടുണ്ട്. ഇതു കൂടാതെ ‘സൈലന്റ് ഇൻ മൊബൈൽ’ എന്ന ഹ്രസ്വചിത്രത്തിനു തിരക്കഥയെഴുതുകയും ആത്മകഥാസ്വഭാവമുള്ള ‘റൈസ് ഓട്ടിസം’ എന്ന ഡോക്യുമെന്ററി എഴുതി സംവിധാനം ചെയ്യുകയും ചെയ്തു. ഒരു ഭാഷയും പഠിച്ചിട്ടില്ലാത്ത നയൻ ജർമ്മൻ, ഫ്രഞ്ച് ഉൾപ്പെടെയുള്ള 22 ഭാഷകളിൽ വിദഗ്ദ്ധർ ഉന്നയിച്ച ചോദ്യങ്ങൾക്ക് ലാപ്‌ടോപ്പിലൂടെ ഉത്തരം നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം സംസ്ഥാന വനിതാ-ശിശുവികസന വകുപ്പിന്റെ ‘ഉജ്ജ്വലബാല്യം’ പുരസ്കാരം നയനെത്തേടിയെത്തിയിരുന്നു. ഇൻക്രെഡിബിൾ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ വേൾഡ് യങ്ങസ്റ്റ് ഓട്ടിസ്റ്റിക് ചൈൽഡ് ഫിലോസഫർ പുരസ്കാരത്തിനും അർഹനായിട്ടുണ്ട്.

സെപ്‌റ്റംബർ 11-ന് കൊല്ലം കടപ്പാക്കട സ്പോർട്‌സ് ക്ലബ്ബിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സദസ്സിലുണ്ടായിരുന്ന 38 പേർ ചേർന്നെഴുതിയ 38 അക്കങ്ങളുള്ള സംഖ്യ ഒരക്കംപോലും തെറ്റാതെ ലാപ്‌ടോപ്പിൽ എഴുതിക്കാണിച്ചു. ഇത് സ്റ്റേജിൽ സ്ഥാപിച്ച എൽ.ഇ.ഡി. സ്‌ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്തു. 14 മിനിറ്റുകൊണ്ടാണ് 38 അക്കങ്ങൾ നയൻ അകക്കണ്ണുകൊണ്ട് കണ്ടറിഞ്ഞ് എഴുതിയത്. യൂണിവേഴ്‌സൽ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ അംഗീകാരവും ലഭിച്ചു.

സായിഗ്രാമത്തിലെ പരിശീലനം നയൻ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്ന് സായിഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ പറഞ്ഞു. സ്പീച്ച് തെറാപ്പിയുൾപ്പെടെയുള്ള പരിശീലനങ്ങൾ സായിഗ്രാമത്തിൽ നൽകുന്നുണ്ട്. ഇനിയും ഉയരങ്ങൾ കീഴടക്കാനുള്ള പ്രതിഭയാണ് നയനെന്നും ആനന്ദകുമാർ പറയുന്നു. പത്താംക്ലാസ്സ് വിദ്യാർഥിനി ശിവപ്രിയയാണ് നയന്റെ സഹോദരി.