*തലസ്ഥാനത്തെ സ്റ്റേഡിയങ്ങള്‍ക്ക് കൊള്ളവാടകയും കുട്ടികള്‍ക്ക് ഉപകാരപെടുന്നതുമില്ല*

തിരുവനന്തപുരം: നഗരത്തില്‍ കോടികള്‍ ചെലവഴിച്ച് പണിത സ്റ്റേഡിയങ്ങള്‍ സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ തുറന്നുകൊടുക്കുന്നില്ലെന്ന് പരാതി. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം പൊലീസിന്റെയും യൂനിവേഴ്‌സിറ്റി സ്റ്റേഡിയം കേരള സര്‍വകലാശാലയുടെയും കീഴിലാണ്. 

   സംസ്ഥാന ഖജനാവില്‍നിന്ന് കോടികള്‍ ചെലവാക്കി പുതുക്കിപ്പണിത സ്റ്റേഡിയങ്ങള്‍ക്ക് കൊള്ളവാടകയാണ് പരിപാലന സംഘങ്ങള്‍ ഈടാക്കുന്നത്. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന് 15,000 രൂപയാണ് ദിവസവാടക. എന്നാല്‍, ഇവിടത്തെ മൈതാനത്ത് കുഴിവീഴുമെന്ന് ആരോപിച്ച് ജാലവിന്‍, ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ ഇനങ്ങള്‍ അനുവദിക്കില്ല. ഇവ നടത്തണമെങ്കില്‍ യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തെ ആശ്രയിക്കണം. 16,000 രൂപയാണ് ഒരു ദിവസത്തെ വാടക. ഇവിടെയാകട്ടെ ഹൈജംപിനുള്ള സൗകര്യവുമില്ല. ഒരു ദിവസത്തെ മീറ്റ് നടത്താന്‍ മാത്രം രണ്ട് സ്റ്റേഡിയങ്ങള്‍ക്കുമായി 31,000 രൂപയാണ് സംഘാടകര്‍ നല്‍കേണ്ടത്

ജില്ല റവന്യൂ കായികമേളക്കായി സ്റ്റേഡിയങ്ങള്‍ തുച്ഛമായ വാടകക്ക് നല്‍കണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും പരിപാലനക്കാര്‍ വിട്ടുനല്‍കിയില്ല. ഇത്തവണയും മത്സരം കാര്യവട്ടത്തേക്ക് മാറ്റുകയായിരുന്നു. നെയ്യാറ്റിന്‍കര, പാറശ്ശാല ഉള്‍പ്പെടെ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍നിന്ന് എത്തുന്ന കായികതാരങ്ങള്‍ക്ക് പോള്‍വാള്‍ട്ട് അടക്കമുള്ള കായിക ഉപകരണങ്ങള്‍ ചുമന്ന് അതിരാവിലെ കാര്യവട്ടത്ത് എത്തണം. ബസ് ഇറങ്ങിയശേഷം വീണ്ടും ഓട്ടോറിക്ഷയെയോ മറ്റോ ആശ്രയിച്ചു വേണം സ്റ്റേഡിയത്തില്‍ എത്താന്‍. മൂന്നു ദിവസം മത്സരത്തിനായി പങ്കെടുക്കാനെത്തുന്ന സാധാരണക്കാരായ കുട്ടികള്‍ക്ക് നല്ലൊരു തുകയാണ് നഷ്ടമാകുന്നത്. മന്ത്രി ഇടപെട്ട് അടുത്തവര്‍ഷമെങ്കിലും യാത്രദുരിതത്തിന് പരിഹാരം കാണമെന്നാണ് താരങ്ങളുടെ ആവശ്യം.