നെടുമങ്ങാട് താലൂക്കിലെ 'കളക്ടറോടൊപ്പം' അദാലത്തില്‍ തീര്‍പ്പാക്കിയത് 90 പരാതികൾ

ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ നെടുമങ്ങാട് താലൂക്കില്‍ നടന്ന പരാതി പരിഹാര അദാലത്ത് 'കളക്ടറോടൊപ്പം' പരിപാടിയില്‍ താലൂക്ക് പരിധിയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെട്ട് ലഭിച്ചത് 238 പരാതികള്‍. ഇതില്‍ 90 എണ്ണം തീര്‍പ്പാക്കി. ബാക്കിയുള്ളവ അടിയന്തരമായി തീര്‍പ്പാക്കും. 35 പേര്‍ക്ക് ഭൂമി തരം മാറ്റല്‍ സംബന്ധിച്ച ഉത്തരവും 15 മുതിര്‍ന്ന പൗരന്മാര്‍ക്ക് മെയിന്റനന്‍സ് ഉത്തരവും 24 പേര്‍ക്ക് ജനന,മരണ സര്‍ട്ടിഫിക്കറ്റും മൂന്ന് പേര്‍ക്ക് ലിമിറ്റഡ് ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും പത്ത് പേര്‍ക്ക് ന്യായവില ഉത്തരവും പരിപാടിയില്‍ വിതരണം ചെയ്തു.

നെടുമങ്ങാട് ടൗണ്‍ ഹാളില്‍ നടന്ന അദാലത്തില്‍ സാധാരണക്കാരായ നിരവധി ആളുകളാണ് പരാതിയുമായി എത്തിയത്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 58 അപേക്ഷകളും മറ്റുവകുപ്പുകളുടെ 32 അപേക്ഷകളും തീര്‍പ്പാക്കി. ബാക്കിയുള്ള പരാതികളില്‍ പട്ടയവുമായി ബന്ധപ്പെട്ട അപേക്ഷകള്‍, റീസര്‍വ്വേ, അതിര്‍ത്തി- വഴി തര്‍ക്കം, അനധികൃത കയ്യേറ്റം, ലൈഫ് ഭവന പദ്ധതി, ആര്‍ടിഒ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തുടങ്ങിയവ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് തുടര്‍ നടപടികള്‍ക്കായി കൈമാറി. നെടുമങ്ങാട് ആര്‍.ഡി.ഒ ജയകുമാര്‍ കെ. പി, തഹസില്‍ദാര്‍ ജെ. അനില്‍ കുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.