വ്യാജ രേഖ നൽകി 81 ലക്ഷം രൂപയുടെ വായ്പയ്ക്ക് ശ്രമം:കയ്യെഴുത്തിലും വ്യത്യാസം കണ്ടു, വർക്കലയിൽ 2 വനിതകൾ പിടിയിൽ

വർക്കല :കുടുംബശ്രീ യൂണിറ്റുകളുടെ മറവിൽ വായ്പ നേടാൻ ബാങ്കിൽ വ്യാജ രേഖകൾ ഹാജരാക്കിയ കേസിൽ രണ്ടു വനിതകൾ പിടിയിലായി. വർക്കല നഗരസഭയിലെ സിഡിഎസ് അദ്ധ്യക്ഷയുടെയും മെംബർ സെക്രട്ടറിയുടെയും ഉൾപ്പെടെ വ്യാജ ലെറ്റർപാഡിൽ ഇവരുടെ ശുപാർശയും ഒപ്പും സീലും അടങ്ങുന്ന കത്തുകളാണ് അപേക്ഷയ്ക്കൊപ്പം നൽകിയത്. സിഡിഎസ് അദ്ധ്യക്ഷയുടെയും വർക്കല പുത്തൻചന്തയിലെ കേരള ബാങ്ക് അധികൃതരുടെയും പരാതിയിൽ, വർക്കല ചെറുകുന്നം കണ്ണങ്കര വീട്ടിൽ സൽമ(42), ശിവഗിരി അരുണഗിരിയിൽ രേഖ വിജയൻ(33) എന്നിവരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.വായ്പയ്ക്കുള്ള അനുമതി ലഭിച്ചാൽ 27 കുടുംബശ്രീ യൂണിറ്റുകളുടെ പേരിൽ ആകെ 81 ലക്ഷം രൂപ തട്ടുകയായിരുന്നു ലക്ഷ്യം.

സംഭവം നടന്നത് ഇങ്ങനെ:

വിവിധ കുടുംബശ്രീ യൂണിറ്റുകൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ മൂന്നു ലക്ഷം വരെ ഓരോ യൂണിറ്റിനും നൽകുന്ന പദ്ധതിയുടെ കീഴിലാണ് 27 അപേക്ഷകൾ തയാറാക്കി ഇരുവരും േകരള ബാങ്കിനെ സമീപിച്ചത്. അപേക്ഷകൾക്കൊപ്പം ഹാജരാക്കിയ സിഡിഎസ് അദ്ധ്യക്ഷയുടെയും മെംബർ സെക്രട്ടറിയുടെയും ഒപ്പുകളിലും കയ്യെഴുത്തിലും വ്യത്യാസം കണ്ടതോടെയാണ് അധികൃതർ അന്വേഷണം തുടങ്ങിയത്.
ആദ്യം സിഡിഎസ് അദ്ധ്യക്ഷയുടെ പേരിലെ വ്യാജ ലെറ്റർ പാഡിലെ ഫോൺ നമ്പറിലേക്കു വിളിച്ചപ്പോൾ സംസാരിച്ചത് അറസ്റ്റിലായ വനിതകൾ തന്നെയായിരുന്നു. സംശയം കനത്തതോടെ ബാങ്ക്, നഗരസഭ തലത്തിൽ ബന്ധപ്പെട്ടപ്പോഴാണ് കത്തുകളെല്ലാം വ്യാജമാണെന്നു വ്യക്തമായത്. അപേക്ഷകളിൽ ഉപയോഗിച്ച വ്യാജ ലെറ്റർ പാഡ്, സീൽ അടക്കം തയാറാക്കിയ ഉറവിടങ്ങൾ കണ്ടെത്തിയെന്നാണ് സൂചന. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നു വർക്കല എസ്എച്ച്ഒ എസ്.സനോജ് അറിയിച്ചു.