*ഹോട്ടലുകൾ ഭക്ഷണ വില വർധിപ്പിച്ചു; ഉച്ചയൂണിനു 80 രൂപ, ചായ, കാപ്പി, പൊറോട്ട 12 രൂപ*

 ∙വിലക്കയറ്റത്തിൽ പൊറുതിമുട്ടി ഹോട്ടലുകളും കേറ്ററിങ് സ്ഥാപനങ്ങളും. അരി ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങൾ, പാചകവാതകം, പച്ചക്കറികൾ, ഇന്ധനം എന്നിവയുടെ വില വർധന തിരിച്ചടി ആവുകയാണ്. നഗരമേഖലകളിലെ ഹോട്ടലുകൾ ഭക്ഷണ വില വർധിപ്പിച്ചു. എന്നാൽ ചെറിയ ടൗണുകളിലും ഗ്രാമീണ മേഖലകളിലും കാര്യമായ വില വർധന ഇതുവരെ നടപ്പാക്കിയിട്ടില്ല.

വിലക്കയറ്റം മൂലം ഹോട്ടലുകളിലെ വിൽപന 40% വരെ കുറഞ്ഞു. അരി ഇനങ്ങൾക്കെല്ലാം കിലോ 20–22 രൂപയാണ് വർധന. പലതരം ബിരിയാണി അരിക്ക് 20 രൂപയോളം കൂടി. പച്ചക്കറി വില വർധനയും ദോഷകരമായി ബാധിച്ചു. ഉരുളക്കിഴങ്ങ് ചാക്കിന് 1000–1100 രൂപയിൽനിന്ന് 1800–1900 രൂപയിലേക്കും ഉള്ളി കിലോ 40 രൂപയിൽ നിന്ന് 100 രൂപയിലേക്കും സവാള 19ൽനിന്ന് 40ലേക്കും കുതിച്ചു. വറ്റൽമുളക് വില 300ലെത്തി. അച്ചിങ്ങപ്പയർ 20ൽനിന്ന് 55. പാം ഓയിൽ 95 രൂപയിൽ നിന്ന് 120. എന്നാൽ വെളിച്ചെണ്ണ വിലയിൽ കാര്യമായ വർധന ഇല്ല.


ചെറിയ ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലും ഉച്ചയൂണിനു 60 രൂപ മുതൽ 80 രൂപ വരെയാണ് ഹോട്ടലുകൾ ഈടാക്കുന്നത്. ചായ–12, കാപ്പി–12, ഫിൽറ്റൽ കാപ്പി–15, ചെറുകടികൾ–12, പൊറോട്ട–12, ദോശ–12, അപ്പം–12 എന്നിങ്ങനെയാണ് വില. വിലക്കയറ്റം മൂലം ഭക്ഷണം തയാറാക്കാനുള്ള ചെലവിൽ ശരാശരി 50% വർധനയുണ്ട്. 8 മാസം മുൻപാണ് ഉച്ചയൂണ് വില 70 രൂപയാക്കി വർധിപ്പിച്ചതെന്നു കുറവിലങ്ങാട്ടെ പ്രമുഖ ഹോട്ടൽ ഉടമ പറയുന്നു. ഇതിനു ശേഷം അരി ഉൾപ്പെടെ എല്ലാ സാധനങ്ങളുടെയും വില ക്രമാതീതമായി വർധിച്ചു.

പണം കിട്ടാതെ ജനകീയ ഹോട്ടലുകൾ 

സബ്സിഡി വിതരണം മുടങ്ങിയതോടെ കുടുംബശ്രീ ഹോട്ടലുകളും പ്രതിസന്ധിയിലായി. ഒരു ഊണിന് പത്ത് രൂപയാണ് സർക്കാർ സബ്സിഡി നൽകുന്നത്. ഒരു ദിവസം 300 ഊണ് വരെ വിൽക്കുമ്പോൾ ഒരു മാസം തന്നെ കുടിശിക എഴുപതിനായിരത്തിനും മുകളിലാണ്. മാർച്ച് 12നാണ് അവസാനമായി കുടിശിക കിട്ടിയത്. 

പല ജനകീയ ഹോട്ടലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ചില ജനകീയ ഹോട്ടലുകൾക്ക് തുക അനുവദിച്ചെന്നും കുടിശികയുള്ളവർക്ക് ഈ വർഷത്തെ രണ്ടാം ഗഡു ഉടൻ നൽകുമെന്നാണ് അധികൃതരുടെ പ്രതികരണം.