ആലംകോട് മണിയൻ (70) മരണപ്പെട്ടു

 ആറ്റിങ്ങൽ: ആലംകോട് കുന്നുവിള വീട്ടിൽ വിദ്യാധരൻ (മണിയൻ) അന്തരിച്ചു. 77 വയസ്സായിരുന്നു. ഉറക്കത്തിൽ മരണം സംഭവിക്കുകയായിരുന്നു. എല്ലാ ദിവസവും പുലർച്ചെ 6 ന് മുൻപ് ആലംകോട്ട് എത്തുന്നത് പതിവായിരുന്നു. ഇന്ന് കാണാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ എത്തി ജനൽവഴി നോക്കിയപ്പോൾ കട്ടിലിൽ ചരിഞ്ഞു കിടക്കുന്നതായി കണ്ടു. ആറ്റിങ്ങൽ പോലീസ് എത്തി വാതിൽ തുറന്ന് നോക്കുമ്പോഴാണ് മരണവിവരം അറിഞ്ഞത്. രാത്രി ഉറക്കത്തിൽ ഹൃദയാഘാതം ഉണ്ടായതായി സംശയിക്കുന്നു.. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്മാർട്ടത്തിനു ശേഷം വൈകിട്ടോടെ സംസ്കരിക്കും . അവിവാഹിതനാണ്. ------ മണിയൻ എന്നാണ് പരക്കെ അറിയപ്പെട്ടിരുന്നത്. ആലംകോട്ട് മാർക്കറ്റ് റോഡിൽ ചന്തക്ക് സമീപം ലോട്ടറിക്കച്ചവടം നടത്തിവന്ന മണിയൻ ആലംകോടിന്റെ പ്രീയപ്പെട്ടവനായിരുന്നു. ആരോടും പിണങ്ങാത്ത മണിയൻ എല്ലാപേർക്കും സമ്മതനായിരുന്നു. പരിചയക്കാരുടേയും അല്ലാത്തവരുടെയും എല്ലാക്കാര്യങ്ങൾക്കും മണിയൻ എത്തുമായിരുന്നു . പരോപകാരി എന്ന വാക്കിന് മണിയൻ സർവതാ യോഗ്യനായിരുന്നു. പ്രയാസപ്പെടുന്നവരെ രഹസ്യമായി സഹായിക്കുക മണിയന്റെ വികാരമായിരുന്നു..... മണിയനെപ്പറ്റി പറയുവാൻ നാടിനും നാട്ടുകാർക്കും ഏറെയുണ്ട്.. മണിയൻ ജീവിതം തുടങ്ങിയത് ഉൽസവപ്പറമ്പുകളിൽ ബലൂൺ കച്ചവടം നടത്തിയാണ്. ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മണിയൻ ഏറെ വേണ്ടപ്പെട്ടവനായിരുന്നു. പൈസയില്ല എന്നു മനസ്സിലാക്കി മണിയൻ കുട്ടികൾക്ക് ബലൂൺ വെറുതെ കൊടുക്കുമായിരുന്നു.. ദീപാവലി സമയത്തുള്ള മണിയന്റെ പടക്ക കച്ചവടവും പ്രസിദ്ധമായിരുന്നു.. ഒരു കാലത്ത് ഗൾഫിൽ നിന്നും വരുന്നവർ ആദ്യം പോയിക്കാണുന്നത് മണിയനെയായിരുന്നു: അവർ കൊണ്ടുവരുന്ന വിവിധതരം സാധനങ്ങൾ വിറ്റുകൊടുക്കുന്നത് മണിയനായിരുന്നു. അക്കാലത്ത് മണിയൻ നാട്ടിനാവശ്യമായിരുന്നു. ആരോടും ഒരിക്കലും പിണങ്ങുകയോ ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ലാത്ത മണിയന്റെ അപ്രതീഷിത മരണം അക്ഷരാർത്ഥത്തിൽ ആലംകോടിനെ വേദനിപ്പിച്ചിരിക്കുകയാണ്.

അന്തരിച്ച ആലംകോട് കുന്നുവിള വീട്ടിൽ മണിയണ്ണന്റെ സംസ്കാരം നാളെ (12-11-22 ശനി ) ഉച്ചക്ക് ശേഷമായിരിക്കും നടക്കുക. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ് മാർട്ടം കഴിഞ്ഞതിന് ശേഷമാണ് സംസ്കാരം.