ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് താത്കാലിക പൊലീസിനെ നിയോഗിക്കും. തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരില്ലാത്തതിനാലാണ് നടപടി. പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് താത്കാലിക പൊലീസിന്റെ സേവനം ലഭ്യമാകുക. 660 രൂപ ദിവസ വേതനത്തിൽ 60 ദിവസത്തേക്കാണ് ഇവരെ നിയോഗിക്കുന്നത്. ( Sabarimala Pilgrimage; Temporary police will be appointed ).
വിമുക്തഭടന്മാർ, വിരമിച്ച പൊലീസുകാർ, എൻ.സി.സി കേഡറ്റ്‌സ് എന്നിവരെയാണ് നിയമിക്കുക. വനിതകളെ അടക്കം നിയോഗിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശയ്ക്ക് സർക്കാർ അനുമതി നൽകി.
തീർത്ഥാടകർക്ക് സുഗമമായ ദർശനവും തൃപ്തിയോടെ തൊഴുതിറങ്ങാനുള്ള സൗകര്യവും ഒരുക്കുകയാണ് സേനയുടെ ദൗത്യമെന്ന് എഡിജിപി എം ആർ അജിത്ത് കുമാർ ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു. പരസ്പര സഹകരണത്തോടെയുള്ള പ്രവർത്തനം ഈ ഉത്സവ കാലം വിജയകരമാക്കുമെന്ന് ശബരിമല പൊലീസ് സ്പെഷ്യൽ ഓഫീസർ ബി. കൃഷ്ണകുമാർ പറഞ്ഞു.