*ശബരിമല നട തുറന്നു; പുലർച്ചെ മുതൽ വൻ ഭക്തജന തിരക്ക്, ആദ്യ ദിവസത്തിലെ ഓൺലൈൻ ബുക്കിംഗ് 60,000 കടന്നു*
November 17, 2022
ശബരിമല : ശബരിമല സന്നിധാനത്ത് ദർശനത്തിനായി വൻ ഭക്തജന തിരക്ക്. പുലർച്ചെ മൂന്നു മണിക്കാണ് നട തുറന്നത്. പുതിയതായി സ്ഥാനമേറ്റ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയാണ് ശ്രീകോവിൽ തുറന്നു ദീപം തെളിച്ചത്. ബർത്ത് വഴി മാത്രം ഇന്നത്തേക്ക് ബുക്ക് ചെയ്തത് അറുപതിനായിരത്തോളം ആളുകളാണ്. ഇതിനുപുറമെ 12 സ്ഥലങ്ങളിലുള്ള സ്പോട്ട് ബുക്കിങ്ങിലൂടെയും തീർത്ഥാടകർ സന്നിധാനത്തേക്ക് എത്തും. തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കാനാണു ദേവസം ബോർഡിന്റെ തീരുമാനം. ദേവസം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സന്നിധാനത്ത് നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തും.രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം സത്രം - പുല്ലുമേട് - സന്നിധാനം പരമ്പരാഗത കാനന പാതയിലൂടെ ഇന്ന് മുതൽ ഭക്തരെ കടത്തി വിടും. രാവിലെ ഏഴു മുതൽ ഉച്ച കഴിഞ്ഞ രണ്ടു വരെയാണ് കടത്തി വിടുക.പന്ത്രണ്ട് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാൽ സത്രത്തിലെത്താം. കാനന പാതയിൽ വേണ്ട ക്രമീകരണങ്ങൾ വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ഡലകാലത്തെ സുരക്ഷക്കായി 360 പോലീസുകാരെ വിവിധ സ്ഥലങ്ങളിലായി വിന്യസിച്ചതായി എസ് പി വിയു കുര്യാക്കോസ് പറഞ്ഞു. ആരോഗ്യം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളും തീർത്ഥാടന പാതയിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്രമീകരണങ്ങൾ വിലയിരുത്താൻ ഇടുക്കി, തേനി എസ്പിമാരുടെ നേതൃത്വത്തിൽ ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗവും നടന്നു.