പിടികൂടിയത് ഭീമന്‍ ഗോള്‍ഡ്‍ഫിഷിനെ, ഭാരം 30 കിലോ! ഹാക്കറ്റിന് കിട്ടിയ കാരറ്റ്

ഇതു വരെ കണ്ടെത്തിയതില്‍ വച്ച്‌ ഏറ്റവും വലിയ ഗോള്‍ഡ്‍ഫിഷ്.30 കിലോയാണ് ഭാരം.ആന്‍ഡി ഹാക്കറ്റ് എന്ന മത്സ്യത്തൊഴിലാളി ഫ്രാന്‍സിലെ ഷാംപെയ്നിലെ ബ്ലൂവാട്ടര്‍ തടാകങ്ങളില്‍ മത്സ്യബന്ധനം നടത്തുകയായിരുന്നു. അപ്പോഴാണ് 30 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ‘ദ കാരറ്റ്’ എന്ന് വിളിക്കുന്ന ഗോള്‍ഡ്‍ഫിഷിനെ കണ്ടെത്തിയത്.
20 വര്‍ഷം മുൻപാണ് ഈ ഗോള്‍ഡ്ഫിഷിനെ പ്രസ്തുത തടാകത്തില്‍ ഇട്ടത്. എന്നാല്‍, അത് അങ്ങനെ ആരുടേയും കണ്ണില്‍ പെടുന്ന ഒന്നായിരുന്നില്ല. അത് ആളുകളുടെ കണ്ണില്‍ പെടാതെ ആ തടാകത്തില്‍ കഴിഞ്ഞു. ഹാക്കറ്റ് 25 മിനിറ്റ് എടുത്തിട്ടാണ് അതിനെ പിടിച്ചത്.
കാരറ്റ് ആ തടാകത്തില്‍ ഉണ്ട് എന്ന് എപ്പോഴും തനിക്ക് അറിയാമായിരുന്നു. എന്നാല്‍, അതിനെയാണ് താന്‍ പിടികൂടിയിരിക്കുന്നത് എന്ന് കരുതിയിരുന്നില്ല എന്നും ഹാക്കറ്റ് പറഞ്ഞു. അത് ഹാക്കറ്റിന്റെ ചൂണ്ടയില്‍ നിന്നും പലതവണ വഴുതി മാറി. ആ സമയത്ത് തന്നെ അത് ഒരു ഭീമന്‍ മീനാണ് എന്ന് അയാള്‍ക്ക് മനസിലായിരുന്നു. പിന്നാലെ, അതിന്റെ ഓറഞ്ച് നിറവും വെളിപ്പെട്ടു
ഇതുവരെ കണ്ടെത്തിയതില്‍ വച്ച്‌ ഏറ്റവും വലിയ ഗോള്‍ഡ്‍ഫിഷിനേക്കാള്‍ 13 കിലോ കൂടുതലാണ് കാരറ്റിന്. അന്ന് അതിനെ പിടിച്ചിരുന്നത് 2019 -ല്‍ യുഎസ്സിലെ മിനസോട്ടയില്‍ നിന്നും ജേസണ്‍ ഫ്യുജേറ്റ് എന്നയാളാണ്.

ഏതായാലും പിടിച്ചത് കാരറ്റിനെയാണ് എന്ന് മനസിലായപ്പോള്‍ ഹാക്കറ്റ് അതിനെ സുരക്ഷിതമായി തടാകത്തിലേക്ക് തന്നെ ഇറക്കി വിട്ടു. അതിന് മുൻപ് അതിന്റെ പല ചിത്രങ്ങളും ഹാക്കറ്റ് പകര്‍ത്തി. അത് സാമൂഹിക മാധ്യമങ്ങളില്‍ പങ്ക് വയ്ക്കുകയും ചെയ്തു.