തിരുവനന്തപുരം: അയ്യപ്പഭക്തരെ കൊള്ളയടിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്ക് വിശദീകരണവുമായി കെഎസ്ആര്‍ടിസി രംഗത്ത്. നിലക്കല്‍ പമ്പ ചെയിന്‍ സര്‍വ്വീസുകള്‍ക്ക് സാധാരണ നിരക്കിന്‍റെ ഇരട്ടിയോളം ഈടാക്കുന്നുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ആക്ഷേപം.എന്നാല്‍ മതവ്യത്യാസമില്ലാതെ പതിറ്റാണ്ടുകളായി 53 ഉത്സവ സീസണുകൾക്ക് ഓപ്പറേറ്റ് ചെയ്യുന്ന സ്പെഷ്യൽ സർവീസ് ബസ്സുകളിൽ 30% അധിക നിരക്ക് അനുവദിച്ചിട്ടുണ്ടന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.ശബരിമല മണ്ഡലപൂജ കാലത്ത് കെഎസ്ആർടിസി നടത്തുന്ന സ്‌പെഷ്യൽ സർവീസിന് മാത്രമല്ല ഈ വർദ്ധനവ്. ബീമാപള്ളി ഉറൂസ്, എടത്വാ പള്ളി പെരുന്നാൾ, മഞ്ഞണിക്കര പള്ളി പെരുന്നാൾ, മാരാമൺ കൺവെൻഷൻ, തൃശൂർ പൂരം, ഗുരുവായൂർ ഏകാദശി, ആലുവ ശിവരാത്രി, ഓച്ചിറ ഉത്സവം തുടങ്ങി 53 ഉത്സവങ്ങൾക്ക് കെഎസ്ആർടിസി നടത്തുന്ന സ്പെഷ്യൽ സർവ്വീസുകൾക്ക് നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികം വാങ്ങി സർവ്വീസ് നടത്തുന്നുണ്ട്.ആലപ്പുഴയിലെ പ്രശസ്തമായ നെഹ്റു ട്രോഫി വളളംകളിയോടനുബന്ധിച്ച് കെഎസ്ആർടിസി നടത്തുന്ന ഫെയർ/ ഫെസ്റ്റിവൽ സ്‌പെഷ്യൽ സർവീസിനും നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികമാണ് യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്. പൊതു ആഘോഷങ്ങൾക്ക് വേണ്ടിയുള്ള സ്പെഷ്യൽ സർവ്വീസിലും 30 ശതമാനം ചാർജ്ജ് വർദ്ധനവ് നിലവിലുണ്ടെന്നും കെഎസ്ആര്‍ടിസി ഫേസ്ബുക്കില്‍ വ്യക്തമാക്കി.