‘റോണോയുടെ ഗോൾ’ ബ്രൂണോയ്ക്ക്, പിന്നാലെ പെനൽറ്റി ഗോൾ; പോർച്ചുഗൽ പ്രീക്വാർട്ടറിൽ (2–0)

ദോഹ • 2018ലെ റഷ്യൻ ലോകകപ്പിൽ പ്രീക്വാർട്ടറിൽ തോൽപ്പിച്ച് പുറത്താക്കിയ യുറഗ്വായോട് നാലു വർഷങ്ങൾക്കിപ്പുറം ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ പകരം വീട്ടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ഇത്തവണയും പ്രീക്വാർട്ടർ ഉറപ്പിച്ചു. ഗ്രൂപ്പ് എച്ചിലെ കരുത്തൻമാരുടെ പോരാട്ടത്തിൽ പൊരുതിക്കളിച്ച യുറഗ്വായെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കു തോൽപ്പിച്ചാണ് പോർച്ചുഗൽ പ്രീക്വാർട്ടർ ഉറപ്പിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് നേടിയ ഇരട്ടഗോളുകളിലാണ് പോർച്ചുഗൽ വിജയവും പ്രീക്വാർട്ടർ ബർത്തും സ്വന്തമാക്കിയത്. 54, 90+3 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു ബ്രൂണോ ഫെർണാണ്ടസിന്റെ ഗോളുകൾ.ആദ്യ മത്സരത്തിൽ ഘാനയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കു തോൽപ്പിച്ച പോർച്ചുഗൽ, ഈ വിജയത്തോടെ ആറു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്. നാടകീയമായിരുന്നു മത്സരത്തിലെ രണ്ടു ഗോളുകളും. ആരാണ് ഗോൾ നേടിയത് എന്നതിനെച്ചൊല്ലി ഉടലെടുത്ത ആശയക്കുഴപ്പമാണ് ആദ്യ ഗോളിനെ നാടകീയമാക്കിയതെങ്കിൽ, രണ്ടാം ഗോളിനു വഴിയൊരുക്കിയ പെനൽറ്റിയാണ് വിവാദമായത്. യുറഗ്വായ് ബോക്സിനുള്ളിൽ ബ്രൂണോ ഫെർണാണ്ടസിന്റെ മുന്നേറ്റം തടയാനുള്ള ശ്രമത്തിൽ ജിമനസിന്റെ കൈകളിൽ പന്തു തട്ടിയതിനായിരുന്നു പെനൽറ്റി. യുറഗ്വായ് താരങ്ങൾ പരമാവധി വാദിച്ചു നോക്കിയെങ്കിലും ‘വാറി’ന്റെ സഹായം തേടിയ റഫറി അനുവദിച്ചില്ല.ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷമാണ് നാടകീയമായ രണ്ടു ഗോളുകളും പിറന്നത്. മത്സരം തുടങ്ങിയതു മുതൽ യുറഗ്വായ് ബോക്സിൽ പോർച്ചുഗീസ് താരങ്ങൾ ചെലുത്തിയ സമ്മർദ്ദത്തിന്റെ തുടർച്ചയായിരുന്നു അവരുടെ ആദ്യ ഗോൾ. പതിവുപോലെ യുറഗ്വായ് പകുതിയിലേക്കെത്തിയ മുന്നേറ്റത്തിനൊടുവിൽ ഇടതുവിങ്ങിൽനിന്ന് ബ്രൂണോ ഫെർണാണ്ടസിന്റെ തകർപ്പൻ ക്രോസ് ബോക്സിനുള്ളിലേക്ക്. ഉയർന്നുചാടിയ റൊണാൾഡോയുടെ തലയിൽ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ പന്ത് നേരെ വലയിലേക്ക്. ഗോൾസ്കോററിന്റെ സ്ഥാനത്ത് ആദ്യം പ്രത്യക്ഷപ്പെട്ടത് റൊണാൾഡോയുടെ പേരാണെങ്കിലും, പന്ത് താരത്തിന്റെ തലയിൽ തൊട്ടില്ലെന്ന് വ്യക്തമായതോടെ ഗോൾ ഔദ്യോഗികമായി ബ്രൂണോ ഫെർണാണ്ടസിന്റെ പേരിലായി. സ്കോർ 1–0.ഗോൾ വീണതോടെ ഉണർന്ന യുറഗ്വായ് താരങ്ങൾ തുടർച്ചയായി പോർച്ചുഗീസ് ഗോൾമുഖം വിറപ്പിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ഗോൾകീപ്പർ ഡീഗോ കോസ്റ്റയുടെ തകർപ്പൻ സേവുകളും ഇടയ്ക്ക് ഗോൾപോസ്റ്റും പോർച്ചുഗലിന് രക്ഷയായി. 75–ാം മിനിറ്റിൽ പകരക്കാരൻ താരം മാക്സി ഗോമസ് തൊടുത്ത പൊള്ളുന്ന ഷോട്ട് പോർച്ചുഗീസ് ഗോൾകീപ്പറെ മറികടന്നെങ്കിലും പന്ത് പോസ്റ്റിൽത്തട്ടി മടങ്ങി. പിന്നാലെ സൂപ്പർതാരം ലൂയി സ്വാരസിനെ ഉൾപ്പെടെ കളത്തിലിറക്കി യുറഗ്വായ് പരിശീലകൻ പോരാട്ടം കടുപ്പിച്ചെങ്കിലും ഗോൾ മാത്രം വന്നില്ല. ഇടയ്ക്ക് സ്വാരസിന്റെ ഗോൾശ്രമം ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോകുന്നതും കണ്ടു.യുറഗ്വായ് താരങ്ങൾ സമനില ഗോളിനായി സമ്മർദ്ദം ചെലുത്തുന്നതിനിടെ 90–ാം മിനിറ്റിലാണ് പോർച്ചുഗലിന് അനുകൂലമായി പെനൽറ്റി ലഭിക്കുന്നത്. യുറഗ്വായ് ബോക്സിലേക്ക് പോർച്ചുഗീസ് താരങ്ങൾ നടത്തിയ മുന്നേറ്റത്തിനൊടുവിൽ പന്തു ലഭിച്ച ബ്രൂണോ ഫെർണാണ്ടസ് അത് കാലിൽക്കൊരുത്ത് ബോക്സിലേക്ക്. ഇതിനിടെ തടയാനെത്തിയ ജിമനസ് വീണുപോയി. വീഴ്ചയിൽ പന്തു കയ്യിൽത്തട്ടിയെന്ന് വ്യക്തമായ ബ്രൂണോ ഫെർണാണ്ടസ് പെനൽറ്റിക്കായി വാദിച്ചെങ്കിലും മത്സരം തുടരാൻ റഫറിയുടെ നിർദ്ദേശം. പിന്നീട് റഫറി ‘വാറി’ന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പെനൽറ്റി അനുവദിച്ചത്. യുറഗ്വായ് താരങ്ങളുടെ പ്രതിഷേധത്തിനിടെ കിക്കെടുത്ത ബ്രൂണോ ഫെർണാണ്ടസ് അനായാസം ലക്ഷ്യം കണ്ടു. സ്കോർ 2–0.നേരത്തേ, പന്ത് ഭൂരിഭാഗം സമയവും കൈവശം വച്ചും മികച്ച നീക്കങ്ങൾ സൃഷ്ടിച്ചും പോർച്ചുഗൽ കളത്തിൽ ആധിപത്യം പുലർത്തിയെങ്കിലും ഫൈനൽ തേഡിൽ പിഴച്ചതാണ് ആദ്യപകുതിയിൽ പോർച്ചുഗലിന് തിരിച്ചടിയായത്. പോർച്ചുഗലിന്റെ ആക്രമണങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകിയ യുറഗ്വായ്‌ക്ക്, ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല.മത്സരത്തിന്റെ ഗതിക്കെതിരായി 32–ാം മിനിറ്റിൽ യുറഗ്വായ്‌ക്ക് ഗോൾ നേടാൻ സുവർണാവസരം ലഭിച്ചിരുന്നു. ഗോൾകീപ്പർ ഡീഗോ കോസ്റ്റ മാത്രം മുന്നിൽ നിൽക്കെ റോഡ്രിഗോ ബെന്റാകറിന് പന്ത് വലയിലെത്തിക്കാനായില്ല. മൈതാനമധ്യത്തിലൂടെ യുറഗ്വായ് നടത്തിയ മുന്നേറ്റത്തിൽ നിന്നായിരുന്നു ഗോളിന്റെ വക്കോളമെത്തിയ നീക്കത്തിന്റെ തുടക്കം. പന്തു ലഭിച്ച മത്തിയാസ് വെച്ചീനോ അത് ബെന്റാകറിന് നീട്ടിനൽകി. പോർച്ചുഗീസ് പ്രതിരോധം നെടുകെ പിളർത്തി മൂന്ന് പ്രതിരോധനിരക്കാർക്കിടയിലൂടെ ബോക്സിനുള്ളിൽ കടന്ന ബെന്റാകറിന്, ഫൈനൽ ടച്ചിൽ കാലിടറി. നിരങ്ങിയെത്തിയ ഗോൾകീപ്പർ ഡീഗോ കോസ്റ്റ പന്ത് ഒരുവിധത്തിൽ പിടിച്ചെടുത്തു.അതേസമയം, ആദ്യപകുതിയിൽ മികച്ച കളി കെട്ടഴിച്ച മധ്യനിര താരം ന്യൂനോ മെൻഡസ് പരുക്കേറ്റ് കയറിയത് പോർച്ചുഗലിന് തിരിച്ചടിയായി. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ മെൻഡസ് പുറത്തായതോടെ, റാഫേൽ ഗ്വറെയ്റോയാണ് പകരം കളിച്ചത്. താരം ബ്രൂണോ ഫെർണാണ്ടസ് നേടിയ ആദ്യ ഗോളിനു വഴിയൊരുക്കുകയും ചെയ്തു.