ക്ലൈമാക്സിൽ തിളങ്ങി ഓറഞ്ച് പട; സെനഗലിനെ 2–0ന് തോൽപ്പിച്ച് നെതർലൻഡ്സ്

ദോഹ • ഖത്തർ ലോകകപ്പിലെ ആദ്യ സമനില പ്രതീക്ഷിച്ചിരുന്ന ആരാധകർക്കു മുന്നിൽ, വിജയക്കൊടി പാറിച്ച് ഡച്ച് പട. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 84–ാം മിനിറ്റിലും ഇൻജറി ടൈമിലുമായി നേടിയ ഇരട്ടഗോളുകളിലാണ് നെതർലൻഡ്സിന്റെ വിജയം. കോഡി ഗാക്പോ (84), ഡേവി ക്ലാസ്സൻ (90+9) എന്നിവരാണ് ഡച്ച് പടയ്ക്കായി ഗോൾ നേടിയത്. ഇതോടെ, ഗ്രൂപ്പ് എയിൽ മൂന്നു പോയിന്റുമായി ഇക്വഡോറിനു പിന്നിൽ നെതർലൻഡ്സ് രണ്ടാമതെത്തി.ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിന്റെ ആദ്യ തോൽവിയാണിത്. മുൻപ് കളിച്ച രണ്ടു ലോകകപ്പുകളിലെയും ആദ്യ മത്സരങ്ങളിൽ സെനഗൽ വിജയിച്ചിരുന്നു. 2002ൽ ഫ്രാൻസിനെ 1–0നും 2018ൽ പോളണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കും തോൽപ്പിച്ചു. നെതർലൻഡ്സ് ആകട്ടെ, ഒൻപതാം ലോകകപ്പിലും ആദ്യ മത്സരത്തിൽ അജയ്യരായി.ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ, പോസ്റ്റിനു മുന്നിൽ പാഴാക്കിയ സുവർണാവസരങ്ങൾ നെതർലൻഡ്സിനെ തിരിച്ചടിക്കുമെന്നായിരുന്നു വിലയിരുത്തൽ. സൂപ്പർ താരം സാദിയോ മാനെയുടെ അഭാവത്തിലും സെനഗൽ നെതർലൻഡ്സിനെ ഒപ്പത്തിനൊപ്പം പിടിച്ചതുമാണ്.എന്നാൽ, മത്സരം അവസാനിക്കാൻ ആറു മിനിറ്റു മാത്രം ശേഷിക്കെ ഫ്രാങ്ക് ഡി യോങ് – ഗോഡി ഗാക്പോ സഖ്യം ഡച്ച് പടയുടെ രക്ഷകരായി. ബോക്സിനു പുറത്തുനിന്ന് ഡി യോങ് തളികയിലെന്നവണ്ണം ഉയർത്തി നൽകിയ പന്തിലേക്ക് അപകടം മണത്ത സെനഗൽ ഗോൾകീപ്പർ എഡ്വാർഡോ മെൻഡി ഓടിയെത്തിയതാണ്. എന്നാൽ, മെൻഡിക്കു പന്തിൽ തൊടാനാകും മുൻപ് ഉയർന്നു ചാടിയ ഗാക്പോ പന്ത് തലകൊണ്ടു ചെത്തി വലയിലാക്കി. ഗോൾ.... സ്കോർ 1–0.ആദ്യ പകുതിയിലും നെതർലൻഡ്സിനു ചില സുവർണാസവരങ്ങൾ ലഭിച്ചതാണ്. ബാർസ താരം ഫ്രാങ്ക് ഡി യോങ് ഉൾപ്പെടെയുള്ളവർ സുവർണാവസരങ്ങൾ അവിശ്വസനീയമാംവിധം പാഴാക്കി. സെനഗലിലും ഏതാനും അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.